എംവി ഗോവിന്ദന്റെ പണി മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് മാത്രം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: എം വി ഗോവിന്ദൻ വിചാരിച്ചാൽ സി പി എമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എം വി ഗോവിന്ദനുള്ളത്. ഈഴവർ എല്ലാ കാലത്തും സി പി എമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബിജെപിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സി പി എം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ പരിസരവാസിയായ സീനയെ സി പി എം വേട്ടയാടുകയാണ്. സി പി എമ്മുകാർ ബോംബ് സൂക്ഷിക്കുന്നത് കാരണം തങ്ങളുടെ കുട്ടികൾക്ക് സമീപത്തെ പറമ്പുകളിൽ കളിക്കാൻ പോലും പറ്റില്ലെന്ന് അവർ പറഞ്ഞത് ഗൗരവതരമാണ്. പാർട്ടി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായത്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഈ നൂറ്റാണ്ടിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ നടക്കുന്നത്. സത്യം പറഞ്ഞതിന്റെ പേരിൽ സീനയെ ഒറ്റപ്പെടുത്താൻ ബി ജെ പി അനുവദിക്കില്ല. സിപിഎം ആദ്യ നിർത്തേണ്ടത് ബോംബ് രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈഴവ വോട്ടിൽ ബി ജെ പി കടന്നുകയറിയത് തിരിച്ചടിയായെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ' ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമാണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇതു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയണം വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്കു കീഴ്‌പ്പെടുന്ന നിലപാടിലേക്ക് എത്തി.
ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഈ വിഭാഗം എത്തി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു. ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.












Click it and Unblock the Notifications