പണമെന്തിന് കക്കൂസിലും പഴയ ടിവി ഫ്രെയിമിലും ഫ്രിഡ്ജിനടിയിലും പൂഴ്ത്തി വെക്കണം? ഷാജിയോട് ജയരാജൻ
കണ്ണൂർ: വിജിലൻസ് റെയ്ഡ് പിണറായി വിജയൻ പക പോക്കുന്നതാണ് എന്നുളള കെഎം ഷാജി എംഎൽഎയുടെ പ്രതികരണത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. കോടതി ഉത്തരവ് പ്രകാരം കേസെടുത്തതിന് പിണറായി വിജയന്റെ മേക്കിട്ട് കയറുന്നതെന്തിനെന്ന് എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്കിലാണ് എംവി ജയരാജന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' 'അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്' കോടതി ഉത്തരവ് നടപ്പാക്കിയതിന് സർക്കാരിന് പഴി എന്ന തലക്കെട്ടിലാണ് കുറിപ്പ്. വായിക്കാം: '' കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് കെ.എം. ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തെ സംബന്ധിച്ച അന്വേഷണവും കേസും റെയ്ഡും ഉണ്ടായത്. ഇതിനെക്കുറിച്ച് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഷാജി നടത്തിയ പ്രതികരണം ശ്രദ്ധിച്ചു. പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് വിജിലൻസ് റെയ്ഡ് നടത്തിയതെന്നും പകപോക്കുകയാണെന്നും വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും ബന്ധു നൽകിയ പണമാണെന്നും അത് വിജിലൻസ് തിരികെ നൽകേണ്ടിവരുമെന്നുമാണ് ആക്രോശം. കോടതി ഉത്തരവ് പ്രകാരം കേസെടുത്തതിന് പിണറായി വിജയന്റെ മേക്കിട്ട് കയറുന്നതെന്തിന്?

വീണിടം വിദ്യയാക്കുന്നതിൽ കേമനാണ് ഷാജി. അരക്കോടി രൂപയും 331 ഗ്രാം സ്വർണ്ണവുമാണ് അനധികൃതമായുണ്ടെന്ന് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണത്തിന് രേഖയുണ്ടെങ്കിൽ പിന്നെയെന്തിന് കക്കൂസിലും പഴയ ടിവി ഫ്രെയിമിലും ഫ്രിഡ്ജിനടിയിലും പൂഴ്ത്തിവെക്കണം? പണം നൽകിയ ബന്ധു ആരാണ്? എവിടെയുള്ള ഭൂമിയാണ് വിലക്ക് വാങ്ങുന്നത്? എം.എൽ.എ. പണിക്ക് പുറമേ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സ് ഉണ്ടോ? അഡ്വാൻസ് കൊടുത്ത് രജിസ്‌ട്രേഷനുവേണ്ടി കാത്തിരിക്കുകയാണോ? എങ്കിൽ അഡ്വാൻസ് കൊടുത്ത തുകയുടെ രേഖയെവിടെ? റെയ്ഡ് നടക്കുമ്പോൾ തന്നെ ഈ രേഖകൾ വിജിലൻസിന് കൊടുക്കാമായിരുന്നില്ലേ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാജിക്കുണ്ടെങ്കിൽ ബന്ധുനൽകിയ പണമാണെന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്നും ഷാജി പറഞ്ഞതും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നു. റെയ്ഡ് നടത്തി രണ്ടുനാൾ കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ യാതൊരു വിശദീകരണവും ഷാജിക്കോ ലീഗിനോ ഇല്ല. പണത്തിന് രേഖയുണ്ടെങ്കിൽ തന്നെ 41 പവൻ സ്വർണ്ണം അനധികൃതമായി കണ്ടെത്തിയതിന് എന്ത് രേഖയാണുള്ളത്? ഷാജിയെ സംരക്ഷിക്കാനായി ഷാജിയുടെ വിശദീകരണമെന്ന പേരിൽ ഒരു പത്രം റിപ്പോർട്ട് ചെയ്തത് ഇപ്രകാരം: ''തെരഞ്ഞെടുപ്പ് ചെലവുകൾക്ക് വേണ്ടി ശേഖരിച്ച പണമാണ് അരക്കോടി. സ്ഥാനാർത്ഥിയുടെ ചെലവ് കണക്ക് മുഴുവൻ സമർപ്പിച്ചിട്ടില്ല. കുറച്ച് പണം കൊടുത്തുതീർക്കാനുണ്ട്.'' ഈ വിശദീകരണമാണ് ശരിയെങ്കിൽ ഇതിനകം 14 ലക്ഷം രൂപയുടെ ചെലവ് കണക്ക് ഇലക്ഷൻ അധികൃതർക്ക് ഷാജി സമർപ്പിച്ചിട്ടുണ്ട്. കൊടുത്തുതീർക്കാനുള്ളത് 50 ലക്ഷമാണെങ്കിൽ രണ്ടും ചേർന്നാൽ 64 ലക്ഷമാകും.
അങ്ങനെയെങ്കിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാൻ ചട്ടപ്രകാരം അനുവദനീയമായ തുകയെക്കാൾ 26 ലക്ഷം അധികമാകും. ജയിച്ചാലും തോറ്റാലും സ്ഥാനാർത്ഥി ഇത് പ്രകാരം അയോഗ്യനാകും. 2016ലെ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തി വോട്ട് പിടിച്ചതിനാൽ ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇത്തരത്തിൽ തുടർച്ചയായി അഴിമതി മാത്രമല്ല ചട്ടലംഘനം നടത്തുന്നയാളാണ് ഷാജി എന്നതിന് നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും. 2017 സെപ്തംബർ 17ന് ഷാജി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമായിരുന്നു. ''അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് കെ.എം. ഷാജി കോഴ വാങ്ങിയെന്ന ആരോപണം ഒരു വ്യക്തി ഉയർത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാത്ഥതയുണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറുകയാണ് വേണ്ടത്.'' പരാതി വിജിലൻസിന് കിട്ടിയതിനെ തുടർന്ന് അന്വേഷിച്ചു. അഴിമതി നിരോധന നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചത് രണ്ടാമത്തെ വിജിലൻസ് കേസാണ്. ഇത്തരത്തിൽ തുടർച്ചയായി അഴിമതിക്കേസിൽ പ്രതിയായതിനുശേഷവും വെല്ലുവിളിക്കും വീരവാദങ്ങൾക്കും ഒരു മുടക്കവുമില്ല. ജനാധിപത്യകേരളമേ ലജ്ജിക്കുക!''












Click it and Unblock the Notifications