ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ല, ഇവരുടെ ലക്ഷ്യം പണം മാത്രമെന്ന് എംവി ജയരാജൻ
കണ്ണൂർ; ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആർത്തിയോടെ പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ക്വട്ടേഷന്റെ ലക്ഷ്യം. ഈ സാമൂഹ്യ തിന്മയ്ക്കെതിരെ അതിലുൾപ്പെടുന്നതാരായാലും സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. പാർട്ടികൾ അത്തരക്കാരെ തള്ളിപ്പറയുക എന്നതാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നത് സിപിഎം മാത്രമാണ്.. എന്നിട്ടും സിപിഎമ്മിനെതിരെ കുതിരകയറുകയാണ് മാധ്യമങ്ങൾ.രാഷ്ട്രീയ ക്വട്ടേഷൻ ഏറ്റെടുത്ത് ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടികളായ ബിജെപി യും കോൺഗ്രസും ലീഗും രംഗത്തുവരുന്നത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുംമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റ് വായിക്കാം

സിപിഐ എം വിരുദ്ധ ക്വട്ടേഷൻ ഏറ്റെടുത്ത ചില മാധ്യമങ്ങളും - ആർ എസ് എസ്, കോൺഗ്രസ്, ലീഗ് പാർട്ടികളും
രാമനാട്ടുകാര സംഭവത്തെ തുടർന്ന് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിലായവരും പിടികൂടാനുള്ളവരും ലീഗ് ബിജെപി എന്നീ പാർട്ടിയിൽ പെട്ടവരാണെന്നും ഇതിനകം വ്യക്തമാക്കപ്പെട്ടു. ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ പട്ടാമ്പി സ്വദേശി കെ. ടി. സുഹൈൽ സ്വർണക്കടത്തു കേസിൽ പിടികിട്ടാപ്പുള്ളിയാണ്. ഒപ്പം പട്ടാമ്പി സ്വദേശികൂടിയായ മറ്റൊരു വൈറ്റ് ഗാർഡ് വളണ്ടിയർ സഫ്‌വാൻ ഒളിവിലാണ്. ബിജെപി ദേശീയ നേതാവും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന എ. പി. അബ്ദുള്ളകുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായ മുഹമ്മദലി ശിഹാബ് പിടിയിലായ സ്വർണ കള്ളക്കടത്തുകേസിലെ പ്രതിയാണ്.
കൊടകര കുഴൽപ്പണ കേസിലെ പ്രതികളാണെങ്കിൽ ബിജെപി യുടെ ജില്ലാ സംസ്ഥാന നേതാക്കളാണ്.
പാലക്കാട് ജില്ലയിൽ നിന്ന് കണ്ണൂരിലെത്തി ക്വട്ടേഷനെതിരെ ധീരമായി പ്രസംഗിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കണ്ണൂരിലെ ചില അനുയായികൾ ക്വട്ടേഷൻകാരാണെന്ന വസ്തുത മുമ്പ് പുറത്തുവന്നതാണ്. ആ വസ്തുത പുറത്തുവിട്ട മാധ്യമങ്ങൾ ഇപ്പോൾ മിണ്ടുന്നില്ല. ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ് എന്നായിരുന്നു ഏതാനും വർഷം മുമ്പ് മെട്രോ മനോരമയുടെ തലക്കെട്ട്. സിവിൽ എഞ്ചിനീയറിംഗ് കൺസൽട്ടെന്റിനെ തട്ടിക്കൊണ്ടുപോയ വെണ്ടുട്ടായിലെ ആർ.എസ്. എസ് ക്വട്ടേഷൻ സംഘത്തെക്കുറിച്ചായിരുന്നു അന്നത്തെ വാർത്ത. കോൺഗ്രസ് നേതാക്കളുടെ ക്വട്ടേഷനും ഈ സംഘം ഏറ്റെടുക്കാറുണ്ടെന്നും അന്ന് ലേഖകൻ റിപ്പോർട്ട് ചെയ്തു. അർജുൻ ആയെങ്കിയെയും കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 2021 മാർച്ച് 21 ന് ഇലക്ഷൻ അർജന്റ് ബോർഡ് വെച്ച് തൃശ്ശൂരിലെ വ്യാപാരിയിൽ നിന്നും 94 ലക്ഷം രൂപ തട്ടിയെടുത്ത ക്വട്ടേഷൻ കവർച്ചാ സംഘം മാഹിയിലെ ആർ. എസ്. എസ് സംഘമാണെന്നും അന്ന് തെളിഞ്ഞതാണ്.
ഇവയെല്ലാം തെളിയിക്കുന്നത് ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ല. ക്വട്ടേഷൻ ക്വട്ടേഷൻ മാത്രമാണ്. ആർത്തിയോടെ പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ക്വട്ടേഷന്റെ ലക്ഷ്യം. ഈ സാമൂഹ്യ തിന്മയ്ക്കെതിരെ അതിലുൾപ്പെടുന്നതാരായാലും സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. പാർട്ടികൾ അത്തരക്കാരെ തള്ളിപ്പറയുക എന്നതാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നത് സിപിഐഎം മാത്രം. എന്നിട്ടും സി പി ഐ എമ്മിനെതിരെ കുതിരകയറാൻ ചിലമാധ്യമങ്ങളും.രാഷ്ട്രീയ ക്വട്ടേഷൻ ഏറ്റെടുത്ത് ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടികളായ ബിജെപി യും കോൺഗ്രസും ലീഗും രംഗത്തുവരുന്നത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.












Click it and Unblock the Notifications