'വീണ കുട്ടിയെ വാരിയെടുക്കുന്നതാണ് മലയാളി സാമൂഹ്യ ബോധം; ഇത് മനുഷ്യത്വം മരവിച്ച് ക്രൂരത'
കണ്ണൂർ: നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ യുവാവ് മർദ്ദിച്ച സംഭവം മനുഷ്യത്വം മരവിച്ച ക്രൂരതയാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരിടത്ത് വീണുകിടക്കുന്ന കുട്ടിയെകണ്ടാൽ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യ ബോധം. ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയർത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാൻ കഴിയുന്നതല്ല, മനസ്സിൽ നിന്ന് ഉയർന്നുവരേണ്ടതാണ്. ഇത്തരം ചെയ്തികൾക്കെതിരെ നാടാകെ പ്രതിഷേധമുയരണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ജയരാജന്റെ വാക്കുകളിലേക്ക്- ക്രൂരതക്കെതിരെ മനുഷ്യത്വമുയരട്ടെ
തലശ്ശേരി നാരങ്ങാപ്പുറത്ത് രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരൻ ഗണേഷിനെ കാറിന് ചാരിനിന്നതിന്റെ പേരിൽ ചവിട്ടിവീഴ്ത്തിയ നടപടി മനുഷ്യത്വം മരവിച്ച ക്രൂരതയാണ്. 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണ'മെന്നാണ് നാം പഠിച്ചത്. എന്നാൽ ചിലർ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. ഒരിടത്ത് വീണു കിടക്കുന്ന കുട്ടിയെകണ്ടാൽ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം. ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയർത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാൻ കഴിയുന്നതല്ല, മനസ്സിൽ നിന്ന് ഉയർന്നുവരേണ്ടതാണ്.
ഇത്തരം ചെയ്തികൾക്കെതിരെ നാടാകെ പ്രതിഷേധമുയരണം. കുട്ടിയെ ചവിട്ടി വീഴ്ത്തി കാറുടമ പോയപ്പോൾ സാരമായി പരിക്കേറ്റ കുട്ടിയും മാതാവും കരഞ്ഞുകൊണ്ട് റോഡരികിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് അതുവഴി പോയ സി പി ഐ എം തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവും കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനുമായ സഖാവ് ഹസ്സൻ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്താനും തയ്യാറായത് മാതൃകാപരമാണ്', ജയരാജൻ പറഞ്ഞു.
തലശേരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്.കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ഇയാൾ ചവിട്ടുന്ന ദൃശ്യങ്ങൾ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. ശേഷം സംഭവം വിവാദമായതോടെ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർടട്. കുട്ടി നിലനിൽ താലൂക്ക് ആശുപത്രിയിൽ ആണ്.












Click it and Unblock the Notifications