കോടികള്‍ പൊടിച്ച് മകളുടെ വിവാഹം; ബിജു രമേശിനെത്തേടി ആദായവകുപ്പ് അധികൃതര്‍ എത്തി
മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെ ബിജു രമേശിന്‍റെ വീട്ടിലേക്ക് ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധനയ്ക്കെത്തി.
ആഡംബര വിവാഹത്തിന് പിന്നാലെ ബിജുരമേശിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന
നോട്ടുപ്രതിസന്ധി പ്രശ്‌നം തുടരുന്നതിനിടെ കോടികള്‍ ചെലവഴിച്ച് നടത്തിയ രണ്ടാമത്തെ ആഡംബര വിവാഹം അതും നമ്മുടെ കേരളത്തില്‍. വ്യവസായി ബിജു രമേശിന്റെയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെയും മക്കള്‍ തമ്മിലുള്ള വിവാഹം നടന്നിട്ട് അധികം ദിവസങ്ങളായില്ല. നോട്ട് നിരോധനത്തിന് ശേഷം കോടികള്‍ ചെലവിട്ട് നടത്തിയ വിവാഹമാണിത്.
തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സില്‍ മൈസൂര്‍ കൊട്ടാര മാതൃകയിലാണ് പന്തല്‍ ഒരുക്കിയത്. വിവി ഐപികള്‍ ഉള്‍പ്പടെ 2000 ത്തോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡ് ചിത്രങ്ങളുടെ സെറ്റിനെ വെല്ലുംവിധമാണ് വിവാഹ മണ്ഡപം ഒരുക്കിയത്. ഒരു മാസമെടുത്തു വിവാഹവേദി തയ്യാറാക്കാന്‍. സിനിമാ കലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവരാണ് വിവാഹപ്പന്തലിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

വിവാഹം
കോടികള്‍ ചെലവാക്കിയാണ് ബിജുരമേശിന്റെ മകള്‍ മേഖയുടെയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുടെയും വിവാഹം നടത്തിയത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള സെറ്റ്, ഒരേസമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന കല്യാണ പന്തല്‍, ചടങ്ങിന് മാറ്റുകൂട്ടുന്നതിനായി സിനിമാ താരങ്ങള്‍ പങ്കെടുത്ത കലാസന്ധ്യ തുടങ്ങിയ ആര്‍ഭാടങ്ങള്‍. പോരാത്തതിന് ലോക പ്രശസ്ത ദീവാലങ്കാര വിദഗ്ദ്ധന്‍ ബെക്കറ്റിന്റെ ലേസര്‍ ഷോയും. തലസ്ഥാന നഗരി കണ്ട ഏറ്റവും ആര്‍ഭാടം കൂടിയ വിവാഹമാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്.

വിമര്‍ശിച്ച് കോണ്‍ഗ്രസ്
അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ധൂര്‍ത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പോലും വിവാഹത്തില്‍ സംബന്ധിച്ചില്ല.

വിഎം സുധീരന്‍
അമിതമായി പണം ചെലവഴിച്ചുള്ള ആഢംബര വിവാഹത്തെ ന്യായീകരിക്കാനാവില്ലെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കര്‍ണ്ണാടകയില്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തെ വിമര്‍ശിച്ച പാര്‍ട്ടിക്ക് ഇത് നാണക്കേടായെന്നും സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ബിജു രമേശ്
തന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസുകാര്‍ വന്നത് അടൂര്‍ പ്രകാശ് ക്ഷണിച്ചതുകൊണ്ടാണ്. അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ആണ് പറയേണ്ടത്. സുധീരന് പബ്ലിക് മാനിയ അസുഖം പിടികൂടിയിട്ടുണ്ടെന്നുമാണ് ബിജു രമേശ് പ്രതികരിച്ചത്.

ആദായ നികുതി വകുപ്പ് പരിശോധന
ബിജുരമേശിന്റെ വീട്ടിലും അനുബന്ധ ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകളെല്ലാം സംഘം പരിശോധിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പരിശോധന രാത്രി ഒന്‍പത് മണിവരെ തുടര്‍ന്നു. വിവാഹത്തിനായി ചെലവഴിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ബിജു രമേശിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications