Get Updates
Get notified of breaking news, exclusive insights, and must-see stories!

News Update Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

കാലവർഷം ശക്തി കുറഞ്ഞെങ്കിലും ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. യെല്ലോ അലർട്ടാണ് ഏഴോളം ജില്ലകളിൽ ഉള്ളത്. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾ പര്യടനം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ദേശീയ-അന്തർദേശീയ സംഭവ വികാസങ്ങൾ ഒട്ടേറെ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.

newsupdatestoday

Jun 05, 2025, 5:26 am IST

രാജ്യത്ത് സെന്‍സസ് 2027 മാര്‍ച്ച് ഒന്ന് മുതല്‍

രാജ്യത്തെ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടമായാണ് സെന്‍സസ് നടക്കുക. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങള്‍ ആദ്യ ഘട്ടത്തില്‍ വരും. മുന്നു വര്‍ഷം കൊണ്ടാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. പത്തു വര്‍ഷം കൂടുമ്പോയാണ് രാജ്യത്ത് സെന്‍സസ് നടത്താറുള്ളത്. എന്നാല്‍ 2011നു ശേഷം ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം മാറ്റി വെക്കേണ്ടി വരികയായിരുന്നു.
Jun 05, 2025, 1:24 am IST

ട്രെയിനില്‍നിന്ന് പുഴയിലേക്കു ചാടി അധ്യാപിക ജീവനൊടുക്കി

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്ന് പുഴയിലേക്കു ചാടി അധ്യാപിക ജീവനൊടുക്കി. ചാലക്കുടി സ്വദേശിനിയും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ട്രെയിനില്‍ നിന്ന് ചാടിയത്. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്.
Jun 04, 2025, 9:18 pm IST

ബെംഗളൂരു ദുരന്തം; പത്ത് ലക്ഷം രൂപ ധനസഹായം

ബെംഗളൂരുവില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു.
Jun 04, 2025, 8:12 pm IST

ബെംഗളൂരു ദുരന്തം; പ്രധാനമന്ത്രി അനുശോചിച്ചു

ബെംഗളൂരുവില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിന് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 'ബെംഗളൂരുവിലെ അപകടം ഹൃദയഭേദകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' - എക്സിലെ പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
Jun 04, 2025, 4:25 pm IST

മഴ മുന്നറിയിപ്പില്‍ മാറ്റം

കേരളത്തിൽ മഴയുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Jun 04, 2025, 3:16 pm IST

ദേശീയപാത ഡിസംബറില്‍ പൂർത്തിയാകും

ദേശീയപാത ഡിസംബറില്‍ പൂർത്തിയാകും
പനവേൽ-കന്യാകുമാരി ദേശീയപാത , NH 66 ഡിസംബറിൽ പൂർത്തിയാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ആണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. ദേശീയ പാതക്കായി സ്ഥലമേറ്റെടുക്കാൻ നൽകിയ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രണ്ട് പേരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ ദേശീയപാത നിർമാണത്തിലെ പാകപ്പിഴകളും ചർച്ചയായി. ഇക്കാര്യത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് എതിരെ നടപടി വരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Jun 04, 2025, 2:46 pm IST

കോൺഗ്രസിനെതിരെ എ വിജയരാഘവൻ

മലപ്പുറം ജില്ലക്കെതിരെ കോൺഗ്രസ് നിലപാട് സ്വീകരിച്ചത് ന്യൂനപക്ഷം ഭൂരിപക്ഷമായത് കൊണ്ടാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. അസത്യം പ്രചരിപ്പിച്ച്, വിവാദം സൃഷ്‌ടിക്കാനും അതിലൂടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയേതരമാക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
Jun 04, 2025, 2:24 pm IST

മുകേഷ് എം നായരുമായി ബന്ധപ്പെട്ട വിവാദം; നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി

പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ടെന്നും, സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Jun 04, 2025, 2:06 pm IST

ഉമ്മൻ‌ചാണ്ടി സർക്കാർ ക്ഷേമ പെൻഷനായി കൊടുത്തത് 9000 കോടി മാത്രം; ധനമന്ത്രി

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആകെ നല്‍കിയത് 9000 കോടി മാത്രമെന്നും രണ്ട് പിണറായി സർക്കാരുകൾ ഇതുവരെ 77,000 കോടി രൂപ നൽകിയെന്നും ധനമന്ത്രി മന്ത്രി കെഎന്‍ ബാലഗോപാല്‍. ഉമ്മൻചാണ്ടി സർക്കാരിന്റെ 18 മാസത്തെ കുടിശ്ശിക ഒന്നാം പിണറായി സര്‍ക്കാര്‍ ആണ് കൊടുത്തുതീര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെൻഷൻ വിഷയത്തിലെ വിവാദത്തിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
Jun 04, 2025, 1:47 pm IST

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്‌റ്റ് 12 വരെ

ഇത്തവണത്തെ പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്‌റ്റ് 12 വരെ നടക്കും. പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്ന കാര്യത്തിൽ വിശദീകരണമില്ല. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകസമ്മേളനം വേണമെന്ന് പല പ്രതിപക്ഷപാർട്ടികളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസ് എസ് എൻ വർമയുടെ ഇംപീച്ച്മെന്റ് ഉൾപ്പെടെ സമ്മേളനത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
Jun 04, 2025, 1:38 pm IST

നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി പിണറായി വിജയൻ

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ദേശീയ പാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതും നിർണാണത്തിൽ വെളിപ്പെട്ട വീഴ്‌ചകൾ പരിഹരിക്കുന്നതുമാണ് പ്രധാനമായും ചർച്ചയായത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുന്നുണ്ട്.
Jun 04, 2025, 1:33 pm IST

ഹേമ കമ്മിറ്റി റിപ്പോർട്ട്; തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടി പാർവതി ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Jun 04, 2025, 1:30 pm IST

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട; വിഡി സതീശൻ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎം നേതാക്കൾ മലപ്പുറത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനകളിലൂടെ അപമാനിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സിപിഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചുവെന്നും തീവ്രവാദികളുടെ നാടായി ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Jun 04, 2025, 1:01 pm IST

വെള്ളപ്പൊക്ക ദുരിതത്തിൽ വലഞ്ഞ് അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശിലെ പ്രളയ സമാന സാഹചര്യം ഇന്നും ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട്. തുടർച്ചയായ മഴയിൽ സംസ്ഥാനത്തുടനീളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതായാണ് അധികൃതർ അറിയിച്ചത്. 23 ജില്ലകളിലായി മൂവായിരത്തിലധികം ആളുകളെ ഇത് ബാധിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. 12 പേർക്കാണ് മഴക്കെടുതിയിൽ ഇതുവരെ ജീവൻ നഷ്‌ടമായത്.
Jun 04, 2025, 12:53 pm IST

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 4300 കടന്നു

ഇന്ത്യയിൽ കോവിഡ് അണുബാധയിൽ വീണ്ടും വർധനവ്. വിവിധ സംസ്ഥാനങ്ങളിലായി സജീവ കേസുകൾ 4,302 ആയി ഉയർന്നു. ഏഴ് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സമീപകാല വർധനവ് ആരോഗ്യ പ്രവർത്തകരിൽ, പ്രത്യേകിച്ച് ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. എങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറഞ്ഞ കേസുകളിൽ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നതാണ് ആശ്വാസം.
Jun 04, 2025, 12:41 pm IST

ക്ഷേമ പെൻഷൻ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് കെസി വേണുഗോപാൽ എംപി

ക്ഷേമ പെൻഷൻ പ്രസ്‌താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍. തന്റെ പ്രംസഗത്തിന്റെ ഒരുഭാഗം മാത്രം വളച്ചൊടിക്കുകയായിരുന്നെന്നും തിരഞ്ഞെടുപ്പ് കാലത്താണ് സർക്കാർ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നതെന്നും ആലപ്പുഴ എംപി ആരോപിച്ചു. കുടിശ്ശിക കൊടുക്കാനുള്ള അവസരമായി അവർ കാണുന്നത് തിരഞ്ഞെടുപ്പ് കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Jun 04, 2025, 12:38 pm IST

വിരമിച്ച ജഡ്‌ജിമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ജുഡീഷ്യറിക്ക് ഗുണകരമല്ല; ചീഫ് ജസ്‌റ്റിസ്‌ ബിആർ ഗവായ്

വിരമിക്കലിന് ശേഷം ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും നല്ല കീഴ്വഴക്കമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌. ഒരു ജഡ്‌ജി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്‌പക്ഷതയെയും കുറിച്ച് സംശയങ്ങൾക്ക് ഇടയാക്കും, കാരണം ഇത് താൽപ്പര്യ വൈരുദ്ധ്യമായോ സർക്കാരിന്റെ പ്രീതി നേടാനുള്ള ശ്രമമായോ ഒക്കെ കണക്കാക്കപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Jun 04, 2025, 12:17 pm IST

സെമി ഹൈസ്‌പീഡ് പദ്ധതി യാഥാർഥ്യമാകും; ഇ ശ്രീധരൻ

സെമി ഹൈസ്‌പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് വ്യക്തമാക്കി ഇ ശ്രീധരന്‍. റെയിൽ മന്ത്രിയെ നേരിട്ട് കണ്ട് പദ്ധതി ബോധ്യപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം മുന്നോട്ട് വെച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികമാണെന്നും അവർ ആവശ്യപ്പെട്ടാൽ ഉടൻ ഡൽഹിയിൽ എത്താൻ തയ്യാറാണെന്നും ഇ ശ്രീധരൻ അറിയിച്ചു. തന്റെ ബദൽ പദ്ധതി മുന്നോട്ട് വെച്ചതിന് അദ്ദേഹം സംസ്ഥാന സർക്കാരിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
Jun 04, 2025, 12:13 pm IST

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ചെലവ് നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ച് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സിഎജി ചോദ്യങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകള്‍ സൂക്ഷിക്കുന്നതിനുമാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
Jun 04, 2025, 11:39 am IST

കോൺഗ്രസ് ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി; ഇപി ജയരാജൻ

കോൺഗ്രസിനും യുഡിഎഫിനും എതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി ഇപി ജയരാജൻ. കോൺഗ്രസ് ആകെ ചിതറിക്കിടക്കുകയാണെന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മിൽതല്ലുന്ന പാർട്ടിയായി മാറിയ അവർക്ക് എന്ത് ലക്ഷ്യമാണ് ഉള്ളതെന്നും ഇപി ചോദിച്ചു. ലീഗിനും കോൺഗ്രസിനും പരസ്‌പര വിശ്വാസമില്ലാതെയായെന്നും ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
Jun 04, 2025, 11:18 am IST

മുഹമ്മദ് റിയാസിനെതിരെ പിവി അൻവർ

മുഹമ്മദ് റിയാസ് വീട്ടില്‍ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയില്‍ ചാടിയതെന്ന് പിവി അൻവർ. മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താന്‍ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി ശശി ദുരൂപയോഗം ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വീട്ടിലെത്തിയത് മുതലാണെന്നും അൻവർ ആരോപിച്ചു.
Jun 04, 2025, 11:13 am IST

പഞ്ചാബിൽ 'ചാരവൃത്തി' നടത്തിയ മറ്റൊരു യൂട്യൂബർ കൂടി അറസ്‌റ്റിൽ

പാകിസ്ഥാൻ പിന്തുണയുള്ള ചാരവൃത്തി ശൃംഖലയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മറ്റൊരു യൂട്യൂബറെ കൂടി അറസ്‌റ്റ് ചെയ്‌തതായി പഞ്ചാബ് പോലീസ് അറിയിച്ചു. "ജാൻ മഹൽ" എന്ന പേരിലുള്ള ചാനലിന്റെ ഉടമയായ ജസ്ബീർ സിംഗിനെയാണ് പോലീസ് പിടികൂടിയത്. പതിനൊന്ന് ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണ് ഇയാളുടേത്.
Jun 04, 2025, 10:41 am IST

പിണറായി വിഎസിനെ വഞ്ചിച്ചാണ് അധികാരത്തിൽ എത്തിയത്; പിവി അൻവർ

പിണറായി വിജയൻ ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും തൃണമൂൽ നേതാവുമായ പിവി അൻവർ. വിഎസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത്. മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചയാളാണ് പിണറായി. പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ്. 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
Jun 04, 2025, 10:18 am IST

കേരളത്തിൽ അതിദരിദ്രർ ഇല്ലാത്ത ആദ്യ ജില്ലയായി കണ്ണൂർ

സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂർ. സംസ്ഥാന സർക്കാറിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ഈ ലക്ഷ്യം കൈവരിച്ചത്. ജില്ലയിൽ 3973 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 22 നാണ് കണ്ണൂർ അതിദാരിദ്ര്യമുക്ത ജില്ലയെന്ന ലക്ഷ്യം നേടിയത്.
Jun 04, 2025, 9:53 am IST

ഇന്ത്യ സഖ്യം വിട്ട് ആം ആദ്‌മി പാർട്ടി

ഇന്ത്യ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടി. കോൺഗ്രസ് ബിജെപിയുമായി രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാർ ഉണ്ടാക്കിയതായി ആരോപിച്ചാണ് അവരുടെ പിന്മാറ്റം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്നാണ് പാർട്ടി പ്രസ്‌താവനയിലൂടെ അറിയിച്ചത്.
Jun 04, 2025, 9:35 am IST

സിപ്‌ലൈൻ പ്രവർത്തിപ്പിച്ചു; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിനെതിരെ കേസ്

ഇടുക്കിയിൽ ജില്ലാ കലക്‌ടറുടെ നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചവർക്ക് എതിരെ കേസ്. വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്റ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് അടിമാലി പോലീസ് കേസെടുത്തത്. മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ സഹോദരൻ എംഎം ലംബോദരനാണ് നിരോധനം ലംഘിച്ച് വിനോദസ‍ഞ്ചാര കേന്ദ്രം തുറന്നത്.
Jun 04, 2025, 9:28 am IST

ട്രംപിനെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ട്രംപിന്റെ നികുതി ഇളവ് ബില്ലിനെ 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്ന് വിശേഷിപ്പിച്ച് ഇലോൺ മസ്‌ക്. ഇതിന് വോട്ട് ചെയ്‌തവരെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. നിങ്ങൾ തെറ്റ് ചെയ്‌തുവെന്ന് നിങ്ങൾക്ക് തന്നെ അറിയാമെന്നും മസ്‌ക് പറയുന്നു. നിലവിൽ സെനറ്റിൽ ചർച്ചയിലിരിക്കുന്ന ഈ ബിൽ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയ്ക്ക് ഗുണകരമായ സബ്‌സിഡികൾ ഉൾപ്പടെ വെട്ടിക്കുറയ്ക്കും.
Jun 04, 2025, 9:20 am IST

മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ; അന്വേഷണ റിപ്പോർട്ട് പുറത്ത്

പോക്സോ കേസ് പ്രതി പ്രമുഖ വ്‌ളോഗർ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സംഭവത്തിൽ ഹെഡ്‍മാസ്‌റ്ററുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് അതിഥിയായി മുകേഷ് എം നായർ പങ്കെടുത്തത്.
Jun 04, 2025, 8:43 am IST

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
Jun 04, 2025, 8:26 am IST

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന് പരോൾ

തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളിൽ പുറത്തിറങ്ങി. നിഷാമിന് ലഭിക്കുന്ന ആദ്യ പരോളാണിത്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കുന്നതിനാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+