'നല്ല മനസിന് നന്ദി'; 'സാര്‍ പറ്റിക്കപ്പെട്ടു'; ഭൂമി വേണ്ടെന്ന് ബോബി ചെമ്മണ്ണൂരിനോട് കുട്ടികള്‍
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ ചെയ്‌ത ദമ്പതികളുടെ തര്‍ക്കഭൂമി വേണ്ടെന്ന് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്, സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞു.
വസന്തയുടെ കയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രജന്റെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തര്‍ക്ക ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്.
രാജന്റേയും അമ്പിളിയുടേയും കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഭൂമി വാങ്ങിയതെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. ഭൂമി ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ നിന്നാണ് കുട്ടികള്‍ ഇക്കാര്യം അറിയുന്നത്.
കേസിലെ പരാതിക്കാരിയായ വസന്തക്ക് ഈ ഭൂമി നിയമപരമായി വില്‍ക്കാനോ വാങ്ങാനോ അവകാശമില്ല. വസന്തയുടെ കയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. അത് സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജ രേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തുകയായിരുന്നു. കൈവശ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടത്. ഭൂമി വിറ്റത് നിയപരമായി തെറ്റാണ്. സാറിനെ തെറ്റിധരിപ്പിച്ചാണ് അവര്‍ ഭൂമി വിറ്റത്. ഞങ്ങള്‍ക്ക് സാര്‍ അല്ല സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടത്. സാര്‍് ഈ രേഖ തിരിച്ചു കൊടുത്ത് പണം തിരികെ വാങ്ങി പാവങ്ങള്‍ക്ക് നല്‍കണമെന്നും രാജന്റെ മക്കള്‍ ബോബി ചെമ്മണ്ണൂരിനോട് ആവശ്യപ്പെട്ടു.
അതേ സമയം വസന്ത പറ്റിച്ചുണ്ടെങ്കില്‍ നിയപരമായി മുന്നോട്ട് പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എന്നെ അവര്‍ പറ്റിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. അതിന് ഇറങ്ങി തിരിച്ചാല്‍ അത് നേടിയെടുക്കും. ഈ ഭൂമി നിയമപരമായി നേടിയെടുത്ത് നിങ്ങള്‍ക്ക് നല്‍കുമെന്നും ബേബി ചെമ്മണ്ണൂര്‍ കുട്ടികളോട് പറഞ്ഞു.