നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; ആ മൂന്ന് കാര്യങ്ങൾ നിർണായകമെന്ന് ഡോക്‌ടർമാർ, ഫലം വൈകും
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ കൂടുതൽ വ്യക്തത വരാൻ കാത്തിരിക്കേണ്ടി വരുമെന്ന സൂചന നൽകി ഡോക്‌ടർമാർ. മരണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടാൻ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമാണ് എന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഈ രാസ പരിശോധന ഫലങ്ങളാവും കേസിന്റെ ഗതി നിർണയിക്കുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗോപൻ സ്വാമിയുടെ ശ്വാസ കോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോ എന്ന സംശയം ഡോക്‌ടർമാർ ഉന്നയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത് ശ്വാസ തടസത്തിന് കാരണമായിട്ടുണ്ടാവും. ഈ സാഹചര്യത്തിൽ വിദഗ്‌ധ പരിശോധന ആവശ്യമുണ്ട്. ഇതിനായി ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.

ഒരുപക്ഷേ ശ്വാസകോശത്തിൽ ഭസ്‌മം കടന്ന് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവും. ഇതാണ് ഒന്നാമത്തെ നിർണായക ഫലം ലഭിക്കാനുള്ളത്. മറ്റൊന്ന് തലയിലെ പാടുകൾ നൽകുന്ന സംശയമാണ്. തലയിൽ പലയിടത്തായി കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിചിട്ടില്ലെന്നും ഡോക്‌ടർമാർ പറയുന്നു.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. കൂടാതെ മൂന്നാമതായി ശരീരത്തിൽ വിഷം ചെന്നിട്ടുണ്ടോ എന്നറിയാനും പരിശോധന നടത്തുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ് ഇക്കാര്യം സ്ഥിരീകരിക്കാൻ ലഭിക്കേണ്ടത്. ഇവയെല്ലാം ലഭിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മരണ സമയം കൃത്യമായി അറിയാനും ഈ ഫലങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണ്. പ്രാഥമിക പരിശോധനയിൽ ഗോപൻ സ്വാമിയുടെ ശരീരത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് ഫോറൻസിക് സംഘം നേരത്തെ അറിയിച്ചത്. ഈ സാഹചര്യത്തിൽ രാസ പരിശോധനാ ഫലങ്ങളാവും ഇനി നിർണായകമാവുക.
അതേസമയം, ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഇന്ന് രാവിലെയാണ് പ്രമാദമായ സംഭവത്തിൽ വൻ പോലീസ് സന്നാഹത്തോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ശേഷം പോസ്‌റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ സൂക്ഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Recommended Video

നെയ്യാറ്റിൻകര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയാണ് സമാധി ആയതായി മക്കളും ഭാര്യയും അവകാശപ്പെടുന്നത്. കല്ലറ പൊളിക്കുന്നതിനെ എതിർത്ത് കൊണ്ട് കഴിഞ്ഞ ദിവസം കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് സബ് കളക്‌ടറുടെ നേതൃത്വത്തിൽ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചത്.












Click it and Unblock the Notifications