കുഞ്ഞാലിയുടെ മണ്ഡലം പിന്നെ ആര്യാടന്റേയായി.. ഇപ്പോള്‍ അന്‍വറിന്റേതും; അറിയാം നിലമ്പൂര്‍ മണ്ഡല ചരിത്രം
കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. നിലമ്പൂരില്‍ ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടത്തും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. സി പി എം സ്വതന്ത്രനായിരുന്ന പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജി വെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ അതീവ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
ഈ വര്‍ഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏറെ നിര്‍ണായകമാണ് നിലമ്പൂരിലെ ജനവിധി. സംസ്ഥാന സര്‍ക്കാരിനോടും സിപിഎമ്മിനോടും കലഹിച്ചാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചത്. കേരള പൊലീസില്‍ അഴിമതിക്കാരും ക്വട്ടേഷന്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണങ്ങള്‍ അടക്കം ഉന്നയിച്ചായിരുന്നു അന്‍വര്‍ കലാപക്കൊടി ഉയര്‍ത്തിയത്.

പിന്നാലെ അന്‍വര്‍ ഡിഎംകെ എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കോട്ടയായിരുന്ന നിലമ്പൂര്‍ മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വറിലൂടെ സിപിഎം പിടിച്ചെടുക്കുന്നത് 2016 ലാണ്. പിന്നീട് 2021 ലും അന്‍വറിലൂടെ നിലമ്പൂര്‍ സിപിഎം നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം തൊട്ട് അന്‍വറിന് സിപിഎമ്മും സിപിഎമ്മിനും അന്‍വറും അനഭിമതനായത്.
മണ്ഡല ചരിത്രം
മണ്ഡലത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎമ്മായിരുന്നു ജയിച്ചത്. കുഞ്ഞാലി എന്ന ഏറനാടിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മണ്ഡലം എന്നതായിരുന്നു നിലമ്പൂരിന്റെ വിശേഷണം. 1965 ലും 1967 ലും കുഞ്ഞാലിയാണ് നിലമ്പൂരിന്റെ എംഎല്‍എയായത്. എന്നാല്‍ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് നിലമ്പൂരിന്റെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞത്. 1965 തൊട്ട് മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആയി പിന്നീട് നിലമ്പൂരിന്റെ നേതാവ്.
കുഞ്ഞാലി വധക്കേസില്‍ ഉള്‍പ്പെട്ടതോടെ ഇടയ്ക്ക് മത്സരരംഗത്ത് നിന്ന് മാറി നിന്നെങ്കിലും 1987 ല്‍ ആദ്യമായി നിലമ്പൂരില്‍ നിന്ന് ആര്യാടന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. മുസ്ലീം ലീഗിന് അപ്രമാദിത്വമുള്ള മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായി ഉയര്‍ന്ന് വരാനും ആര്യാടന് ഇതുവഴി സാധിച്ചു.
ഒരേ മുന്നണിയിലായിരുന്നിട്ടും ലീഗിനോട് പോരടിച്ച് കൊണ്ടായിരുന്നു ആര്യാടന്റെ പ്രവര്‍ത്തനം. 2016 ല്‍ ആര്യാടന്‍ മത്സരരംഗത്ത് നിന്ന് പിന്മാറി തന്റെ സീറ്റ് മകന്‍ ആര്യാടന്‍ ഷൗക്കത്തിന് കൊടുത്തു. എന്നാല്‍ അവിടെ കോണ്‍ഗ്രസിനും ആര്യാടനും ഒരുപോലെ കണക്കുപിഴച്ചു. സിപിഎം പയറ്റിയ സ്വതന്ത്ര തന്ത്രം അന്ന് വിജയം കണ്ടു. പതിറ്റാണ്ടുകള്‍ സ്വന്തം കുത്തകയാക്കി വെച്ച നിലമ്പൂര്‍ ആര്യാടനും കോണ്‍ഗ്രസിനും നഷ്ടപ്പെട്ടു.
2016 ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം പിന്തുണയോടെ അന്‍വര്‍ വിജയിച്ചത്. ഇതിന് പിന്നാലെ സിപിഎം സൈബറിടത്തിലെ പോരാളിയായും അന്‍വര്‍ മാറി. 2021 ല്‍ സിപിഎം വീണ്ടും അന്‍വറിന് സീറ്റ് കൊടുത്തു. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനായില്ല എങ്കിലും പിവി പ്രകാശിനെ 2794 വോട്ടിന് പരാജയപ്പെടുത്തിയാണ് അന്‍വറും സിപിഎമ്മും വിജയ തുടര്‍ച്ച നേടിയത്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം.












Click it and Unblock the Notifications