നിലമ്പൂരില്‍ സ്വരാജ് ജയിക്കും, ഭൂരിപക്ഷം 2000...; .യുഡിഎഫിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ
നിലമ്പൂരില്‍ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ കണക്കുകൂട്ടലുകളുമായി എല്‍ ഡി എഫും യു ഡി എഫും. നിലമ്പൂരില്‍ ജയമുറപ്പാണ് എന്നാണ് ഇരുമുന്നണികളുടേയും കണക്കുകൂട്ടല്‍. ഇന്നലെയായിരുന്നു നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. 73.25 ശതമാനം പോളിംഗാണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അധികമാണ് ഇത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തുമാണ് നിലമ്പൂരില്‍ മത്സരിച്ചത്. എന്‍ ഡി എയ്ക്കായി മോഹന്‍ ജോര്‍ജും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറും മത്സരിച്ചു. സി പി എം സ്വതന്ത്രനായി 2016 ലും 2021 ലും നിലമ്പൂരില്‍ നിന്ന് ജയിച്ച പി വി അന്‍വര്‍ സി പി എമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജി വെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാകും എന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം സ്വരാജിന് 2000 ത്തില്‍ കുറവ് വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ലീഡ് പിടിക്കും എന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍.
അതേസമയം വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യു ഡി എഫിനായിരിക്കും ലീഡ്. സ്വരാജ് ആകെ 80233 വോട്ടും ഷൗക്ക് 78595 വോട്ടും നേടും എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ കണക്ക് പ്രകാരം മോഹന്‍ ജോര്‍ജ് 8335 വോട്ടും പി വി അന്‍വര്‍ 5120 വോട്ടും പിടിക്കും. പോത്തുങ്കല്‍ പഞ്ചായത്തില്‍ 1042 വോട്ടിന്റേയും കരുളായി പഞ്ചായത്തില്‍ 1367 വോട്ടിന്റേയും ലീഡ് സ്വരാജിനുണ്ടാകും.
അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും ആണ് സ്വരാജിന്റെ ലീഡ് വരിക എന്നാണ് വിലയിരുത്തല്‍. അതേസമയം വഴിക്കടവ് പഞ്ചായത്തില്‍ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യു ഡി എഫിന് ലീഡ് ലഭിക്കും എന്നാണ് നിഗമനം. എന്നാല്‍ നിലമ്പൂരില്‍ ചരിത്ര വിജയമാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.
ഷൗക്കത്തിന് വഴിക്കടവില്‍ 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കും. മൂത്തേടത്ത് 3000, എടക്കര 1500, പോത്തുകല്ല് 1000, ചുങ്കത്തറ 1500 എന്നിങ്ങനെ വോട്ടുകളുടെ ലീഡ് ലഭിക്കും. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കും. അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ എല്‍ ഡി എഫിനായിരിക്കും ലീഡ് എന്നും യു ഡി എഫ് വിലയിരുത്തുന്നു. അന്‍വര്‍ നേടുന്ന വോട്ടുകള്‍ ഷൗക്കത്തിന് അനുകൂലമാകും എന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.
നിലമ്പൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു. നല്ല പ്രതീക്ഷയുണ്ടെന്നും നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നുവെന്നുമാണ് സ്വരാജിന്റെ ആത്മവിശ്വാസം. അതേസമയം വിജയം തങ്ങള്‍ക്കൊപ്പമായിരിക്കും എന്നും യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെ ഗുണം വോട്ടായി മാറും എന്നുമാണ് ഷൗക്കത്തിന്റെ പ്രതീക്ഷ.
എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും 75000 ത്തോളം വോട്ട് താന്‍ പിടിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. നിലമ്പൂരില്‍ മികച്ച മുന്നേറ്റമുണ്ടാക്കും എന്നാണ് മോഹന്‍ ജോര്‍ജ് പറയുന്നത്. ഏതായാലും എല്ലാ കണക്കുകൂട്ടലുകള്‍ക്കും തിങ്കളാഴ്ച വരെയെ ആയുസുള്ളൂ. തിങ്കളാഴ്ച രാവിലെ എട്ട് മണി തൊട്ട് നിലമ്പൂരിലെ വോട്ടെണ്ണി തുടങ്ങും. പത്തരയോടെ തന്നെ ചിത്രം വ്യക്തമാകും.












Click it and Unblock the Notifications