നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറായി
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾക്ക് കൂടി ജീവൻ നഷ്‌ടമായി. വീരർകാവ് ദുരന്തത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്മനാഭൻ ആണ് മരണത്തിന് കീഴടങ്ങിയത്. 75 വയസായിരുന്നു അദ്ദേഹത്തിന്. ഇതോടെ ആകെ മരണം ആറായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പത്മനാഭന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇതിന് ശേഷം വിശ്രമത്തിൽ കഴിയവേ ഉണ്ടായ അണുബാധയെ തുടർന്നാണ് മരണം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. ക്ഷേത്രത്തിൽ സ്ഫോടനം ഉണ്ടായ ഷെഡിന് തൊട്ടടുത്തായാണ് പത്മനാഭൻ ഉണ്ടായിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നോളം ശസ്ത്രക്രിയകൾക്ക് പത്മനാഭനെ വിധേയനാക്കിയിരുന്നു. എന്നാൽ ഡോക്‌ടർമാരുടെ തീവ്ര പ്രയത്നത്തിനും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നേരത്തെ അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ മരണത്തിന് കീഴടങ്ങിയിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കൊല്ലമ്പാറ സ്വദേശി കെ ബിജു, കിണാവൂർ സ്വദേശി സന്ദീപ്, കിണാവൂര്‍ സ്വദേശി രതീഷ് എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരണപ്പെട്ട മറ്റുള്ളവർ.
നേരത്തെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയോളം സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ 38 പേർ ഇപ്പോഴും മംഗലാപുരം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആറോളം പേർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചിലർ ആശുപത്രി വിടുകയും ചെയ്‌തിരുന്നു.
നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. 154 പേർക്ക് പരിക്കേറ്റെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെയുള്ള പാടശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇവിടെയുള്ള പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. ഇതോടെ ഉഗ്രശബ്‍ദത്തിൽ ഇത് പൊട്ടിത്തെറിച്ചു.
ക്ഷേത്ര മതിലിന് അടുത്തായാണ് ഈ ഷെഡ് നിലകൊണ്ടിരുന്നത്. ഷീറ്റ് പാകിയ ഈ ഷെഡിൽ ആയിരുന്നു വെടിക്കെട്ടിനുള്ള സാമഗ്രികളും പടക്കങ്ങളും സൂക്ഷിച്ചിരുന്നത്. ഈ ഷെഡിന് അടുത്തായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ നിൽക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ പൊട്ടിത്തെറിയിൽ പ്രദേശമാകെ വിറങ്ങലിച്ചു പോവുകയായിരുന്നു.
അപകടം ഉണ്ടായതിന് പിന്നാലെ സംഭവത്തിൽ കേസെടുത്തിരുന്നു. മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എക്സ്പ്ലോസീവ് സബ്‌സ്‌റ്റന്‍സ് ആക്‌ട്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.












Click it and Unblock the Notifications