നിപ: ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജുകളിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച് മരിച്ച 14 വയസ്സുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.

മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും.
സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്ര സംഘത്തെ വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗബാധ, സമ്പർക്കം കണ്ടെത്തൽ, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ പിന്തുണനൽകും. കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയിരുന്നു. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്ര നിർദ്ദേശിച്ചു.
സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാന്റീനിലേക്ക് മാറ്റണം. സാമ്പിൾ പരിശോധനയ്ക്ക് അയക്കണം. കേരളത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) ചികിത്സയ്ക്കായി മോണോക്ലോണൽ ആൻ്റിബോഡികൾ അയച്ചിരുന്നു. 14 വയസ്സുകാരനായ നിപ രോഗി മരിക്കും മുൻപ് മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ നൽകാനായില്ല. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനായി മൊബൈൽ ബി എസ് എൽ-3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം പറയുന്നു.
നിപ വൈറസ് വ്യാപനം തടയുന്നതിന് അടിയന്തര പൊതുജനാരോഗ്യ നടപടികൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടുതൽ കേസുകൾ തടയുന്നതിന് സംസ്ഥാനത്തിൻ്റെ മുൻകരുതൽ നടപടികൾ പ്രധാനമാണ്. ഇത്തരം പൊട്ടിത്തെറികൾ നിയന്ത്രിക്കുന്നതിന് സത്വര നടപടിയും സമഗ്രമായ അന്വേഷണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന അധികാരികളും കേന്ദ്ര സംഘങ്ങളും തമ്മിലുള്ള സഹകരണം അപകടസാധ്യതകൾ ലഘൂകരിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.












Click it and Unblock the Notifications