കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് പഠനം
ഡൽഹി: രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേരളം തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്.
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലും സർവ്വേ നടത്തിയിരുന്നു. നേരത്തേ അസമിലെ ധുബ്രി ജില്ലയിലുടനീളമുള്ള പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഐ സി എം ആർ കണ്ടെത്തിയിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും നിപ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വവ്വാലുകൾക്കിടയിൽ വൈറസ് സാന്നിധ്യം ഉണ്ടോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജവ്യാപകമായി സർവ്വേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആർ-എൻ ഐ വി ഡയറക്ടർ ഇൻ ചാർജോ ഡോ ഷീല ഗോഡ്ബോലെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പ്രദേശത്ത് കൃത്യമായ മുൻകരുതലെടുക്കാൻ സാധിക്കുമെന്ന് ഐ സി എം ആർ അധികൃതർ വ്യക്തമാക്കി.
2001 ലായിരുന്നു ആദ്യമായി രാജ്യത്ത് നിപ വൈറസ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു കേസുകൾ റിപ്പോർട്ട് ചെയ്തത്. 66 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതിൽ 45 പേരും മരണപ്പെട്ടിരുന്നു. രണ്ടാമത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത് കേരളത്തിലായിരുന്നു. 2018 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ ഭാഗത്തായിരുന്നു രോഗം സ്ഥിരീകരിച്ചത്. 18 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതിൽ 16 പേർ മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications