നിപ്പാ വൈറസ്; കോഴിക്കോട് ഒരാൾ കൂടി മരിച്ചു, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല... ആകെ മരണസംഖ്യ 9
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രത്യേക കേന്ദ്രസംഘം തിങ്കളാഴ്ച കോഴിക്കോട് എത്തും.
കോഴിക്കോട്: നിപ്പാ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. പേരാമ്പ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സും, ചെമ്പനോട സ്വദേശിയുമായ ലിനിയാണ് തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചത്. ഇതോടെ നിപ്പാ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം, ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ആശുപത്രി വളപ്പിൽ തന്നെ സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനൽകാതിരുന്നത്.
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രത്യേക കേന്ദ്രസംഘം തിങ്കളാഴ്ച കോഴിക്കോട് എത്തും. പൂണെയിലെ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസംഘത്തെ കോഴിക്കോട്ടേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഢ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മരണം...
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലിനി കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച യുവാക്കളെ പരിചരിച്ചതിലൂടെയാണ് ലിനിക്കും വൈറസ് ബാധയേറ്റത്. തുടർന്ന് കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിനിയെ ആരോഗ്യനില ഗുരുതരമായതിനാൽ ബേബി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലിനി തിങ്കളാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം വിട്ടുനൽകിയില്ല...
വൈറസ് പടരാതിരിക്കാൻ ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. നേരത്തെ മരിച്ചയാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് നിപ്പാ വൈറസ് ബാധയേറ്റതിനാലാണ് ലിനിയുടെ മൃതദേഹം വിട്ടുനൽകാതിരുന്നത്. മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ആശുപത്രി വളപ്പിൽ സംസ്കരിച്ചു. അതേസമയം, പേരാമ്പ്ര മേഖലയിൽ പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ മരണപ്പെട്ട ലിനിയുടെ മാതാവിനെയും കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Recommended Video


കൃത്യമായ കണക്കില്ല...
അതേസമയം, നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ചങ്ങരോത്ത് സ്വദേശികളായ മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് ബാധ കാരണമാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗലക്ഷണങ്ങളും പനിയും ഉണ്ടായിരുന്ന അഞ്ച് പേർ കൂടി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതിൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. എന്നാൽ ഇവരിൽ നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഒരു കുടുംബത്തിൽ...
പേരാമ്പ്ര ചങ്ങരോത്താണ് നിപ്പാ വൈറസ് ബാധമൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹായിരുന്നു ആദ്യം മരണപ്പെട്ടത്. പിന്നാലെ ഇയാളുടെ സഹോദരനും ബന്ധുവായ സ്ത്രീയും മരണപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ചങ്ങരോത്തിന് പുറമേ നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിന് സമീപത്തെ പാലാഴി എന്നിവിടങ്ങളിലും സമാന രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേർ ചികിത്സ തേടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലുമായി നിലവിൽ 25ലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

കോഴിക്കോട്...
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്ര മെഡിക്കൽ സംഘം തിങ്കളാഴ്ച കോഴിക്കോട് സന്ദർശനം നടത്തും. പേരാമ്പ്ര ചങ്ങരോത്ത് മേഖലയിലായിരിക്കും പ്രത്യേക മെഡിക്കൽ സംഘം സന്ദർശനം നടത്തുക. മറ്റ് ഔദ്യോഗിക പരിപാടികൾ റദ്ദ് ചെയ്ത് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജയും തിങ്കളാഴ്ച കോഴിക്കോട് എത്തും. നിപ്പാ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷികളും, വവ്വാലുകളും കടിച്ച പഴങ്ങൾ ഭക്ഷിക്കരുതെന്നും, രോഗമുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ കവചങ്ങൾ ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.












Click it and Unblock the Notifications