തരൂരും കോണ്‍ഗ്രസും ഒറ്റക്കെട്ട്; സിപിഎമ്മിന് ലീഗ് പ്രേമമെന്ന് കെ സുധാകരന്‍
കൊച്ചി: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പറഞ്ഞവസാനിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സ്വത്താണെന്ന് സുധാകരന്‍ പറഞ്ഞു. ദില്ലിയില്‍ വെച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതാണ്. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സുധാകരന്‍ വ്യക്തമാക്കി.
തരൂരുമായി യോജിച്ച് പോകും. ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ കെപിസിസിയിലും ചര്‍ച്ചയായി. തരൂരിനെ വിമര്‍ശിച്ച് പ്രശ്‌നം വഷളാക്കരുതെന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച സിപിഎം പരാമര്‍ശത്തിനും ഇതിനിടെ സുധാകരന്‍ മറുപടി പറഞ്ഞു. സിപിഎമ്മിന് ലീഗിനോട് പ്രേമമാണ്. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാല്‍ അല്ലേ കാര്യങ്ങള്‍ ശരിക്കും നടക്കൂ. ലീഗുകാര്‍ വര്‍ഗീയവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും ഈ വിഷയം ചര്‍ച്ചയായി. സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ കൃത്യമായ മറുപടി നല്‍കിയ മുസ്ലീം ലീഗ് യോഗം അഭിനന്ദിക്കുകയും ചെയ്തു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും, യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ തരൂരിന് അനുകൂലമായ വികാരമാണ് കെപിസിസിയില്‍ ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവര്‍ തരൂരിനെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തതെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം തരൂര്‍ ഇതുവരെ പാര്‍ട്ടി വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂരിനുള്ളത്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ട്. തരൂരിനെ ഉള്‍ക്കൊള്ളേണ്ടതായിരുന്നുവെന്ന് എ ഗ്രൂപ്പും കെ മുരളീധരനും നിലപാടെടുത്തു. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനും രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം നേരിട്ടു. പരാമര്‍ശം അസമയത്താണ് ഉണ്ടായത്. സമൂഹത്തില്‍ അത് അവമതിപ്പുണ്ടാക്കി. അണികളില്‍ സുധാകരന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കി. അത് പാടില്ലായിരുന്നു.
നെഹ്‌റുവിനെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. സംഘടനാ കോണ്‍ഗ്രസ് കാലത്തെ വസ്തുതയാണ് താന്‍ പറഞ്ഞതെന്നായിരുന്നു സുധാകരന്‍ ഇതിന് മറുപടി നല്‍കിയത്. നേരത്തെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ സിപിഎം അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications