കേരളത്തിന് വന്ദേ ഭാരത് ഇല്ലേ? ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി, 'പിന്നോക്കം പോയത് ദുരൂഹം'
തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്ര ബജറ്റിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വന്ദേ ഭാരത് ഇല്ലെന്ന കാര്യം റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: 'കേരളത്തിലേക്ക് തൽക്കാലം വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര റെയിൽവേ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്.

ഇതിൽ നിന്നും റെയിൽവേ മന്ത്രാലയം ഇപ്പോൾ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയിൽ ഭൂപടത്തിൽ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളിൽ ഏറ്റവും അവസാനത്തേതാണിത്. വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടിയായിരുന്നു കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചത്. വളവുകൾ നിവർത്തി കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു പറഞ്ഞവരുൾപ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കു ശേഷം മൗനത്തിലാണ്. അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണ്.
ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. അറുനൂറ്റി ഇരുപതോളം കിലോമീറ്റർ പിന്നിടാൻ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുകയും സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾ പലതും തടസ്സപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ മാറ്റാൻ റെയിൽ വികസനം അനിവാര്യമാണ്. അതിനുള്ള പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്‌ഥാന സർക്കാർ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്ന ഏതു നടപടിയും ജനങ്ങളുടെ താല്പര്യത്തിനുവിരുദ്ധമാണ്. വന്ദേ ഭാരത് വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി പുനരാലോചന നടത്തണം.












Click it and Unblock the Notifications