ഇപ്പോൾ ഏറ്റവും അഭികാമ്യമായ കാര്യം സ്വയം ലോക്ക്ഡൗൺ സ്വീകരിക്കുക എന്നതാണ്: ജിനേഷ് പിഎസ്
എറണാകുളം: രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കോവിഡിനെ നേരിടാന്‍ ഏറ്റവും അഭികാമ്യമായ കാര്യം സ്വയം ലോക്ക്ഡൗൺ സ്വീകരിക്കുക എന്നതാണെന്ന് ഡോക്ടര്‍ ജിനേഷ് പിഎസ്. കേരളത്തില്‍ ചെയ്യുന്ന നാലിലൊരാൾ പോസിറ്റീവ് ആകുകയാണ്. ഇപ്പോഴും പീക്ക് എത്തിയിട്ടില്ല. പീക്ക് എത്തുമ്പോൾ പ്രതിദിനം 38,000 കേസുകൾ വരാം എന്ന ഒരു പ്രെഡിക്ഷൻ മുൻപ് വാർത്തയിൽ വായിച്ചിരുന്നു. പക്ഷേ അതിൽ നിൽക്കുമോ എന്നത് സംശയമാണ്. പ്രതിദിനം 50,000-ൽ കൂടുതൽ പോകാൻ പോലും സാധ്യതയുണ്ടെന്നത് തള്ളിക്കളയരുത്. അതീവ ഗൗരവപൂർവമായ ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജിനേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ 35,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25 കടന്നു. അതായത് ടെസ്റ്റ് ചെയ്യുന്ന നാലിലൊരാൾ പോസിറ്റീവ് ആകുന്നു എന്ന് ചുരുക്കം.
ഇപ്പോഴും പീക്ക് എത്തിയിട്ടില്ല. പീക്ക് എത്തുമ്പോൾ പ്രതിദിനം 38,000 കേസുകൾ വരാം എന്ന ഒരു പ്രെഡിക്ഷൻ മുൻപ് വാർത്തയിൽ വായിച്ചിരുന്നു. പക്ഷേ അതിൽ നിൽക്കുമോ എന്നത് സംശയമാണ്. പ്രതിദിനം 50,000-ൽ കൂടുതൽ പോകാൻ പോലും സാധ്യതയുണ്ടെന്നത് തള്ളിക്കളയരുത്. അതീവ ഗൗരവപൂർവമായ ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
നിലവിൽ സർക്കാർ മേഖലയിൽ നമുക്ക് ലഭ്യമായ ഐസിയു ബെഡ്ഡുകളുടെ എണ്ണം ഏകദേശം 3,000 അടുത്ത്, സ്വകാര്യ മേഖലയിൽ നിലവിലുള്ളത് 7,100 ഓളം. (അവലംബം ഇന്നത്തെ ഏഷ്യാനെറ്റ് വാർത്ത) മറ്റ് അസുഖങ്ങൾക്ക് ആവശ്യമായിവരുന്ന ഐസിയു കിടക്കകൾ അടക്കം ആണ് ഇതെന്നാണ് ധാരണ. എങ്കിലും നിലവിലുള്ള സാഹചര്യം നേരിടാനുള്ള ഐസിയു സൗകര്യങ്ങളും വെൻറിലേറ്റർ സൗകര്യങ്ങളും നമുക്കുണ്ട് എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാൽ രോഗവ്യാപനം കൂടുമ്പോൾ ഇത് സാധിക്കണമെന്നില്ല.

കേരളത്തിൽ അഞ്ച് ശതമാനം പേർക്ക് പോലും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ് മാത്രം സ്വീകരിച്ചവർ ഏതാണ്ട് 15 ശതമാനം. അതായത് വാക്സിൻ സ്വീകരിക്കുന്നതിലൂടെ സാമൂഹ്യമായ പ്രതിരോധം നേടാൻ നാം വളരെയേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം. ആ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളിലൂടെ മുന്നോട്ടു പോവുക എന്നത് മാത്രമാണ് നമ്മുടെ മുൻപിൽ ഉള്ള ഏക വഴി. ഒരു വർഷം മുൻപ് പ്രാരംഭഘട്ടത്തിൽ, വളരെ കുറച്ച് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കാലത്ത് ലോക്ഡൗൺ നടപ്പാക്കിയവരാണ് നമ്മൾ. എന്നാൽ പ്രതിദിനം 35,000 കേസുകൾ എത്തിനിൽക്കുമ്പോൾ നമ്മൾ ലോക്കഡൗണിൽ പോകുന്നില്ല. എന്നാൽ ആശുപത്രി സൗകര്യങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ കേസുകൾ ഉണ്ടായാൽ ലോക്ഡൗൺ സ്വീകരിക്കാതെ മറ്റു വഴികളില്ല.
പീക്കിലേക്ക് എത്തുന്നതുവരെയുള്ള കാലവും അതിനുശേഷമുള്ള രണ്ടാഴ്ചയും അതീവ നിർണായകമാണ്. അന്ന് എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും, എത്ര ഐസിയു കിടക്കകൾ വേണ്ടിവരുമെന്നും ഇന്ന് നമുക്ക് തീർത്തു പറയാൻ പറ്റില്ല. അതുകൊണ്ട് ശ്രദ്ധിക്കാനുള്ളത് നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം.
1. ഓരോരുത്തരും സ്വയം ലോക്കഡൗൺ സ്വീകരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും അഭികാമ്യം. അത്യാവശ്യം ഇല്ലെങ്കിൽ പുറത്തിറങ്ങാതിരിക്കുക.
2. എല്ലാവിധ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുക, അല്ലെങ്കിൽ മാറ്റിവെക്കുക.
3. കൃത്യമായി മാസ്ക് ധരിക്കുക, ഡബിൾ മാസ്ക്.
4. വായുസഞ്ചാരം കുറവുള്ള ഇടനാഴികളിലും ഇടുങ്ങിയ മുറികളിലും മറ്റുള്ളവരോടൊത്ത് ഇടപഴകാതിരിക്കുക.
5. വയോധികർ നിർബന്ധമായും റിവേഴ്സ് ക്വാറന്റൈൻ സ്വീകരിക്കുക. അവരുമായി അടുത്ത് ഇടപഴകാതിരിക്കുക.
6. കഴിയുന്നതും നേരത്തെ വാക്സിൻ സ്വീകരിക്കുക. വാക്സിൻ സ്വീകരിക്കാൻ ആണെങ്കിലും ആശുപത്രി സന്ദർശനം ആണെങ്കിലും ആൾക്കൂട്ടം ഒഴിവാക്കുക. വാക്സിനേഷൻ സെന്ററിൽ ആൾക്കൂട്ടം ഉണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കുന്നത് കുറച്ചുദിവസം നീട്ടിവെച്ചാലും കുഴപ്പമില്ല.
7. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
8. രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച ശേഷം മാത്രം ആശുപത്രിയിൽ പോകുക. ചെറിയ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ സ്വാധീനം ചെലുത്തി സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ആകാൻ ശ്രമിക്കാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളനുസരിച്ച് മാത്രം അഡ്മിഷൻ സ്വീകരിക്കുക. കാരണം പരിമിതമായ വിഭവശേഷി മാത്രമാണ് നമുക്കുള്ളത്. അത് ആവശ്യമുള്ളവർക്ക് കൃത്യമായി ലഭിക്കുന്ന രീതിയിൽ വിതരണം ചെയ്യപ്പെടണം.
9. ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക. എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ ഇസഞ്ജീവിനി മുഖേന ഓൺലൈൻ സഹായം തേടുക. ഇതിനായി വെബ്സൈറ്റോ മൊബൈൽ അപ്ലിക്കേഷനോ ഉപയോഗിക്കുക.
കഴിഞ്ഞവർഷം ഇറ്റലിയിലും സ്പെയിനിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും അമേരിക്കയിലും നടന്നത് നമ്മൾ കണ്ടു. ഇന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ടു പഠിക്കുകയാണ് അഭികാമ്യം. നമുക്ക് ചുറ്റുമുള്ള ആരെങ്കിലുമൊരാൾ അത്തരമൊരു അവസ്ഥയിൽ എത്തുന്നത് കണ്ടിട്ടേ പഠിക്കൂ എന്ന് വിചാരിക്കരുത്. കാരണം ചിലപ്പോൾ കണ്ടുപഠിക്കാൻ നമ്മൾ ഉണ്ടാവണമെന്നില്ല.
അതുകൊണ്ട് നമുക്ക് ഇപ്പോൾ ഏറ്റവും അഭികാമ്യമായ കാര്യം സ്വയം ലോക്ക്ഡൗൺ സ്വീകരിക്കുക എന്നതാണ്. അതിൽ ഉപേക്ഷ വിചാരിക്കരുത്.












Click it and Unblock the Notifications