നാല് പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: സംസ്ഥാനത്ത് ആകെ കേസുകള്‍ 11
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേർക്കും തൃശൂർ, മലപ്പുറം ജില്ലകളിലെ ഓരോ ആളുകള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 11 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് പേർക്കായിരുന്നു കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് യഥാക്രമം 17, 47 വയസ്സുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
17 വയസ്സുകാരന്‍ യുകെയില്‍നിന്നും 44കാരന്‍ ടുണീസിയയില്‍നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍നിന്നുമാണ് എത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പ്രകാരം കെനിയ, ടുണീസിയ എന്നിവ ഹൈ റിസ്‌ക് രാജ്യങ്ങളിലൽ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഇവർക്ക് സ്വയം നിരിക്ഷണമാണ് അനുവദിച്ചിരുന്നത്. 17 കാരന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം അമ്മൂമയും സമ്പർക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.
മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നു ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നുമാണ് കൊച്ചിയിലേക്ക് എത്തിയത്.
യു എ ഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമായിരുന്നു (67) ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി.
അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇന്നത്തെ മൂന്ന് കേസ് കൂടി ആയതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 6 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ല.
അതേസമയം, 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.