ഒമൈക്രോണിൽ നിയന്ത്രണം കടുപ്പിക്കും; മരക്കാറിന് വെല്ലുവിളിയാകുമോ, തീയേറ്ററിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല
തിരുവനന്തപുരം : ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണിനെ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ലോക രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് . ഒമൈക്രോണിന്റെ വ്യാപനം കേരള സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നത് . സംസ്ഥാനത്ത് വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിച്ചുവരുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം .

എന്നാല്‍ പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തെ ആശങ്കയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്. രണ്ടാം തരംഗത്തിന് സേഷം തീയേറ്ററുകള്‍ തുറന്ന് സിനിമ വ്യവസായം പച്ചപിടിക്കുന്നതിനിടെയാണ് അടുത്ത വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒടിടിയില്‍ നിന്ന് പിന്‍വാങ്ങി തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ മരയ്ക്കാര്‍ അടക്കം നിരവധി സിനിമകളാണ് തയ്യാറെടുക്കുന്നത്.

ഒമൈക്രോണിന്റെ വ്യാപനം ബിഗ് ബജറ്റ് ചിത്രമായ മരക്കാറിനെ ബാധിക്കുമെന്ന ആശങ്ക അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. തീയേറ്ററില്‍ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് അതിനുള്ള സാധ്യതയില്ല. തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനാവില്ലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഒമൈക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇളവുകള്‍ നല്‍കാത്ത സാഹചര്യത്തില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാരാണ് റിലീസ് ചെയ്യുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം. നേരത്തെ ഒടിടി റിലീസിന് ഒരുങ്ങിയ ചിത്രം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അടക്കം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീയേറ്റര്‍ റിലീസെന്ന തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം, മലയാള സിനിമയുടെ നിലനില്‍പ്പിന് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തേണ്ട ആവശ്യമുണ്ട്.

അതേസമയം, പുതി. വകഭേദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം.

നിലവില്‍ 96 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 64 ശതമാനത്തോളം പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താന്‍ മതി. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.












Click it and Unblock the Notifications