അല്‍ത്താഫിന് ബംപർ ഭാഗ്യം വന്നത് സുഹൃത്ത് വഴി: ഇനി സ്വന്തമായി ഒരു വീട് വെക്കണം, ആഗ്രങ്ങള്‍ ഇങ്ങനെ
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ഒന്നാം സമ്മാനം തുടർച്ചയായ രണ്ടാം തവണയും കേരളത്തിന് പുറത്തേക്ക് പോയിയിരിക്കുകയാണ്. കഴിഞ്ഞ തവണ പാലക്കാട് നിന്നും ടിക്കറ്റ് എടുത്ത തമിഴ്നാട് സ്വദേശിയാണ് 25 കോടി കൊണ്ടുപോയതെങ്കില്‍ ഇത്തവണത്തെ വിജി വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ടിക്കറ്റ് എടുത്ത മൈസൂർ പാണ്ഡവപുര സ്വദേശി അല്‍ത്താഫാണ്.
ബംപർ അടിച്ച വിവരം അറിഞ്ഞതിന് പിന്നാലെ നിലയ്ക്കാത്ത കോളുകളാണ് അല്‍ത്താഫിന്റെ ഫോണിലേക്ക് എത്തിയത്. ഇതോടെ അദ്ദേഹം ഫോണ്‍ തല്‍ക്കാലം സ്വിച്ച്ഡ് ഓഫ് ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞ് അടുത്ത ബന്ധുക്കളും നാട്ടുകാരുമൊക്കെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് അല്‍ത്താഫിന്റെ സഹോദരന്‍ മുക്താർ പാഷ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.

'ബന്ധുക്കളും നാട്ടുകാരുമൊക്കെ വന്നതോടെ അല്‍ത്താഫ് അതിന്റെ തിരക്കിലാണ്. അദ്ദേഹത്തിന് മലയാളം സംസാരിക്കാനും അറിയില്ല. മെക്കാനിക്കായി ജോലി ചെയ്യുന്ന അല്‍ത്താഫ് കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെത്തി ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായിട്ടാണ് ഒരു സമ്മാനം അടിക്കുന്നത്. ഇതുവരെ മറ്റ് സമ്മാനങ്ങളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് അല്‍ത്താഫ് തങ്ങളോട് പറഞ്ഞത്' മുക്താർ പാഷ പറഞ്ഞു.
എല്ലാവർക്കും വളരെ അധികം സന്തോഷമുണ്ട്. ഒരു സുഹൃത്തിനെ കാണാനായി വയനാട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് വിജയം സ്വന്തമാക്കിയ ടിക്കറ്റ് എടുക്കുന്നത്. അടുത്ത ദിവസം തന്നെ കേരളത്തിലെത്തി ടിക്കറ്റ് അധികാരികള്‍ക്ക് സമർപ്പിക്കണം. അതിന്റെ കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അതേക്കുറിച്ച് വിശദമായി അറിയുന്ന ആളുകളുമായി സംസാരിച്ചിട്ട് വേണം തീരുമാനം എടുക്കാന്‍.
നാട്ടിലെ ഒരു സാധാരണ മെക്കാനിക്കാണ് അല്‍ത്താഫ്. രണ്ട് മക്കളും ഭാര്യയുമുണ്ട്. മൂത്തമകനും മെക്കാനിക്കാണ്. മകള്‍ പഠിക്കുന്നു. വാടക വീട്ടില്‍ താമസിക്കുന്ന അല്‍ത്താഫിന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് വെക്കുക എന്നുള്ളതാണ്. പിന്നെ മകളെ പഠിപ്പിച്ച് ജോലിയാക്കി, പിന്നീട് വിവാഹവും നല്ല രീതിയില്‍ തന്നെ നടത്തണം. മറ്റ് കാര്യങ്ങളൊന്നും ഇതുവരെ തീരുമാച്ചിട്ടില്ല. കർണാടകക്കാരനായതില്‍ പൈസ കിട്ടുമോയെന്ന ആശങ്ക തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറിയെന്നും മുക്താർ പാഷ പറഞ്ഞു.
അല്‍ത്താഫിന്റെ സുഹൃത്തുക്കളായ ആറുപേർ ചേർന്ന് എടുത്ത ടിക്കറ്റിന് നേരത്തെ അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. മൈസൂർ അടക്കമുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ഇത്തരത്തില്‍ വയനാട്ടിലും മറ്റുമെത്തി ലോട്ടറി വാങ്ങുന്നുണ്ട്. അല്‍ത്താഫിന് ബംപർ അടിച്ചതോടെ ഇനിമുതല്‍ കൂടുതല്‍ ആളുകള്‍ കേരത്തിലെത്തി ടിക്കറ്റ് വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 25 കോടിയുടെ ബംപറാണ് അടിച്ചതെങ്കിലും 12.5 കോടിയോളം രൂപയാണ് അല്‍ത്താഫിന് ലഭിക്കുക. വിവിധ നികുതികളും ഏജന്‍സി കമ്മീഷനും പിടിച്ചതിന് ശേഷമാണ് ലോട്ടറി വകുപ്പ് ഈ തുക കൈമാറുക. 25 കോടിയില്‍ 2.5 കോടി രൂപയാണ് ഏജന്‍റ് കമ്മീഷന്‍. ഇതില്‍ നിന്നും സർക്കാർ നികുതി പിടിക്കും. ഏജന്‍സി കമ്മീഷന്‍ കഴിച്ചുള്ള ബാക്കി 22.5 കോടിയില്‍ 30 ശതമാനം ആദായ നികുതിയായി അടയ്ക്കണം. ഏകദേശം 6.75 കോടി രൂപ ഇതിലൂടെ കേന്ദ്ര സർക്കാറിലേക്ക് പോകുന്നു.












Click it and Unblock the Notifications