25 കോടി അടിച്ചാല്‍ ഭ്രാന്തായി പോകും; ശരിക്കും ഭാഗ്യവാന്‍ ലതീഷ് ആണ്, ഇത് രണ്ടാമത്തെ ലോട്ടറി
കൊച്ചി: ഓണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് നെട്ടൂരില്‍ വിറ്റ ടിക്കറ്റിന്. പ്രദേശത്തുകാര്‍ തന്നെയാണ് ലോട്ടറി കൂടുതലും വാങ്ങുന്നതെന്ന് ഏജന്റ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. 10 ശതമാനമാണ് ഏജന്റിന് ലഭിക്കുക. അതായത്, രണ്ടര കോടി കിട്ടുമെന്നാണ് അറിയുന്നതെന്ന് ലതീഷ് പറയുന്നു. രണ്ടര കോടി തന്നെ സ്വപ്‌നം കാണാന്‍ പറ്റാത്ത തുകയാണ്. 25 കോടി അടിച്ചാല്‍ ഭ്രാന്തായി പോകുമെന്നും സന്തോഷം പങ്കുവച്ച് ലതീഷ് പറഞ്ഞു.
ഇത്തവണ ബംബര്‍ ഇവിടെ തന്നെ അടിക്കുമെന്ന് ലതീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആഘോഷത്തിന് ലഡു വേണ്ട, പഫ്‌സ് മതിയെന്നും പറഞ്ഞിരുന്നു. ഇന്ന് ഉച്ചവരെ ഇതെല്ലാം വെറുംവാക്കുകളായിരുന്നു എങ്കിലും ഉച്ചയോടെ ചിത്രം മാറി. ലതീഷിന്റെ നാക്ക് പൊന്നായി. 25 കോടി നെട്ടൂരില്‍ തന്നെ ഉണ്ടാകുമെന്നാണ് ലതീഷ് ഉറപ്പിച്ചുപറയുന്നത്. ചിലപ്പോള്‍ ഇതെല്ലാം കാണുന്നുണ്ടാകുമെന്നും.

17 വയസില്‍ തുടങ്ങിയതാണ് ലതീഷ് വ്യാപാരം. ആദ്യത്തെ കച്ചവടം പച്ച പിടിച്ചില്ല. ഒരു വര്‍ഷം മുമ്പാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. പലരും വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പ് ഒരു കോടി അടിച്ചു. ഇപ്പോഴിതാ 25 കോടിയും. ഇനി ആളുകള്‍ ഒഴുകുമെന്ന് ലതീഷ് കരുതുന്നു. ലക്ഷങ്ങളുടെ ബംബര്‍ ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് എല്ലാം വിറ്റുപോയെന്നും താന്‍ ഒന്നെടുക്കണമെന്ന് വിചാരിച്ചിട്ടും നടന്നില്ലെന്നും ലതീഷ്.
കേരള ലോട്ടറിയുടെ ഒരു കോടിയാണ് നേരത്തെ അടിച്ചത്. ഓണം ബംബര്‍ ആര്‍ക്കാണ് അടച്ചതെന്ന് അറിയില്ല. രണ്ടര മാസമായി ബംബര്‍ വില്‍ക്കുന്നു. വൈറ്റിലയിലെ ഭഗവതി ലോട്ടറി ഏജന്‍സീസില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. നേരത്തെ ഒരു കോടി അടിച്ചതും ഭഗവതീസില്‍ നിന്ന് എടുത്ത ടിക്കറ്റിന് ആയിരുന്നു. രണ്ടര കോടി എനിക്ക് അധ്വാനിച്ച് ഉണ്ടാക്കാന്‍ പറ്റാത്ത തുകയാണ്. വണ്ടര്‍ അടിച്ചിരിക്കുകയാണെന്നും ലതീഷ്.
സര്‍ക്കാരിന് കിട്ടുന്നത് കോടികള്‍
ഭാഗ്യവാന്‍ ആരാണ് എന്ന് അറിയാനുള്ള യാതൊരു താല്‍പ്പര്യവും ലതീഷിനില്ല. എന്തിനാണ് അവരുടെ ഉറക്കം കളയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. നമുക്ക് കിട്ടാനുള്ളത് കിട്ടിയല്ലോ. ബംബറടിച്ചവര്‍ സുഖമായിരിക്കട്ടെ എന്നും ലതീഷ് പറയുന്നു. നേരത്തെ ഒരു കോടി അടിച്ച വേളയില്‍ അന്ന് രാത്രി തന്നെ ഭഗവതീസ് ലോട്ടറി ടീം കാശ് അക്കൗണ്ടിലിട്ടു. 11 ലക്ഷത്തിന് മുകളിലുണ്ടായിരുന്നു.
ഭഗവതിയില്‍ നിന്ന് 800 ലോട്ടറികളാണ് എടുത്തിരുന്നത്. എറണാകുളം ലോട്ടറി ഓഫീസില്‍ നിന്ന് 30 ബുക്ക് എടുത്തു. എല്ലാം ഇന്ന് 12 മണിക്ക് മുമ്പ് വിറ്റുപോയി. ഒരു വര്‍ഷത്തിനകമാണ് രണ്ട് വന്‍ ലോട്ടറി അടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോട്ടറി കച്ചവടം വിടാന്‍ ലിജീഷ് ഒരുക്കമല്ല. ഇനിയും ലോട്ടറി കച്ചവടവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ബംബര്‍ അടിച്ച കടയായതിനാല്‍ ലതീഷ് ഇനി കച്ചവടം പൊടിക്കുമെന്ന് കരുതാം.
75 ലക്ഷം ലോട്ടറിയാണ് ഓണം ബംബറിനായി വിറ്റുപോയത്. ഒരു ലോട്ടറിക്ക് 500 രൂപ. അതായത്, ഈ കോടികള്‍ എത്തുന്നത് സര്‍ക്കാരിന്റെ ഖജനാവിലേക്കാണ്. 350 കോടിയില്‍ അധികം സമാഹരിച്ചതില്‍ നിന്ന് ഏതാനും കോടികളാണ് സമ്മാനമായി പോകുക. അതില്‍ നിന്ന് നികുതി ഇനത്തില്‍ വീണ്ടും ഖജനാവിലെത്തും. അതുകൊണ്ടുതന്നെ യഥാര്‍ഥ ഭാഗ്യവാന്‍ സര്‍ക്കാരാണ്.












Click it and Unblock the Notifications