ഒരേസമയം നിയമസഭയിലെത്തി, ജനജീവിതത്തില്‍ ഇഴുകി ചേര്‍ന്നയാള്‍; അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഒരേ വര്‍ഷം നിയമസഭയില്‍ എത്തിയവരാണ് താനും ഉമ്മന്‍ ചാണ്ടിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തുമെത്തിയത്. പൊതുജീവിതത്തില്‍ ഒരേകാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിടപറയല്‍ അതീവ ദു:ഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിചേര്‍ന്ന് നിന്ന വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിധ്യം കൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റാര്‍ക്കും ലഭ്യമാവാത്ത ചുമതലകള്‍ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം,തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവ് ഉണ്ടാക്കുമെന്ന് ഗോവിന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ കേരള മുഖ്യമന്ത്രിയും തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ദീര്‍ഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.
കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദന്‍ കുറിച്ചു.
കേന്ദ്ര മന്ത്രി വി മുരളീധരന്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ, രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താന്‍ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുരളീധരന്‍ കുറിച്ചു.
മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സുരേന്ദ്രന്‍ കുറിച്ചു.












Click it and Unblock the Notifications