സിദ്ദിഖ് ഭയന്നു! സതീശനും സുധാകരനും മയപ്പെട്ടു... ഉമ്മൻ ചാണ്ടി കരുത്ത് തെളിയിച്ചത് എങ്ങനെ? രാഹുലിന് അറിയാം

കോഴിക്കോട്: പുതിയ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. എ ഗ്രൂപ്പിന്റേയും ഐ ഗ്രൂപ്പിന്റേയും ശക്തര്‍ എന്ന് കരുതിയവര്‍ വളരെ പെട്ടെന്നാണ് പുതിയ നേതൃത്വത്തിനൊപ്പം കൂടിയത്. ഇത് ഗ്രൂപ്പ് നേതാക്കളെ ഒട്ടൊന്ന് അമ്പരപ്പിച്ചു എന്നത് നേര് തന്നെയാണ്. എന്നാല്‍, കേരളത്തില്‍ ഗ്രൂപ്പുകള്‍ പൊളിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റം സാധ്യമാവില്ലെന്ന് പുതിയ നേതൃത്വവും തിരിച്ചറിഞ്ഞു എന്ന സൂചനകാണ് പുറത്ത് വരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത ആളായിരുന്നു ടി സിദ്ദിഖ്. മന:സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് പോലും വിശേഷിപ്പിക്കാവുന്ന ആള്‍. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പുമുതല്‍ സിദ്ദിഖ് മറുകണ്ടം ചാടിയിരുന്നു എന്നാണ് ആക്ഷേപം. അതിനെതിരെ ഗ്രൂപ്പിനുള്ളില്‍ പടയൊരുക്കം തുടങ്ങിയപ്പോഴേ, സിദ്ദിഖ് ഭയന്നു എന്നാണ് അണിയറക്കഥകള്‍. സിദ്ദിഖ് മാത്രമല്ല, കെ സുധാകരനും വിഡി സതീശനും വരെ പ്രതികരണങ്ങള്‍ മയപ്പെടുത്തിയിരിക്കുകയാണ്.

1

ടി സിദ്ദിഖിന് വേണ്ടി ഏറ്റവും അധികം പോരാടിയിട്ടുള്ളത് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. അത് ഉമ്മന്‍ ചാണ്ടി എന്നാകും. ഒരുവേള, ഉമ്മന്‍ ചാണ്ടിയുടേയും എ ഗ്രൂപ്പിന്റേയും ചാവേര്‍ ആയി ചാനല്‍ ചര്‍ച്ചകളിലും പൊതുമണ്ഡലത്തിലും നിറഞ്ഞുനിന്നിരുന്ന ആളായിരുന്നു ടി സിദ്ദിഖും. എന്നാല്‍ പാര്‍ട്ടിയില്‍ അടുത്തിടെ ഉണ്ടായ അധികാരമാറ്റങ്ങളില്‍ സിദ്ദിഖും ആടിയുലഞ്ഞ് പുതിയ നേതൃത്വത്തിനോട് ചേര്‍ന്ന് നങ്കൂരമിട്ടു എന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. ഗ്രൂപ്പിനെ വഞ്ചിക്കുന്നത് ഉമ്മന്‍ ചാണ്ടിയെ വഞ്ചിയ്ക്കുന്നതിന് തുല്യമാണെന്നും അണികള്‍ കരുതുന്നു.

2

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗങ്ങളോട് ആലോചിച്ചിട്ടാണ് ഹൈക്കമാന്‍ഡ് എടുത്തത്. അതില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ എല്ലാം പൊട്ടി പാളീസായി എന്നും തെളിഞ്ഞതാണ്. അന്നും ടി സിദ്ദിഖ് ആര്‍ക്കൊപ്പമായിരുന്നു എന്ന സംശയം ഇപ്പോള്‍ സ്വാഭാവികമായും ഉയരും. ഏറ്റവും ഒടുവില്‍ കോഴിക്കോട് ഡിസിസി അധ്യക്ഷന്റെ കാര്യത്തില്‍ എ ഗ്രൂപ്പ് താത്പര്യങ്ങള്‍ തള്ളി പുതിയ നേതൃത്വത്തിനൊപ്പമാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സിദ്ദിഖ് നിലകൊണ്ടത്. അതിന്റെ ദേഷ്യം പ്രവര്‍ത്തകരും ഗ്രൂപ്പ് നേതാക്കളും പ്രകടിപ്പിക്കുകയും ചെയ്തു.

3

ഉമ്മന്‍ ചാണ്ടിയെ പൂര്‍ണമായും തള്ളിക്കൊണ്ട് ഒരു നിലനില്‍പില്ല എന്ന തിരിച്ചറിവാണോ ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറാനുള്ള കാരണം എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം നടക്കുന്ന ഒരു ചിത്രമാണ് സിദ്ദിഖ് ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതിന് താഴെ പ്രവര്‍ത്തകരുടെ പൊങ്കാലയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ഗ്രൂപ്പ് വികാരം എതിരാകുമെന്ന ഘട്ടത്തില്‍ ടി സിദ്ദിഖ് ഭയന്നുപോയിട്ടുണ്ട് എന്നാണ് ഒരു വിഭാഗം കരുതുന്നത്. അതിന്റെ പ്രതിഫലനമാണത്രെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പ്രകടമാകുന്നത്.

4

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പരസ്യമായി രൂക്ഷ വിമര്‍ശനം ഉന്നയിച്ച ആളാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടി അതിനേയും വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ കെ സുധാകരന്റെ വിമര്‍ശനത്തിന്റെ മൂര്‍ച്ച അല്‍പം കുറഞ്ഞു. താന്‍ പറഞ്ഞ കാര്യത്തില്‍ സുധാകരന്‍ ഉറച്ച് നിന്നെങ്കിലും, കഴിഞ്ഞ ദിവസത്തെ പോലെ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായില്ല. ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെങ്കില്‍ കൂടിയും കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടെ വേണം എന്ന തിരിച്ചറിവിന്റെ പുറത്താണ് ഈ മയപ്പെടല്‍ എന്നാണ് വിലയിരുത്തല്‍.

5

കെപിസിസി അധ്യക്ഷനേക്കാള്‍ രൂക്ഷമായ വിമര്‍ശനം ആയിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ചത്. സതീശന്റെ പ്രതികരണത്തില്‍ ആവേശം അല്‍പം കൂടിപ്പോയില്ലേ എന്ന് ഗ്രൂപ്പിതര നേതാക്കളും പ്രവര്‍ത്തകരും പോലും സംശയിച്ചിരുന്നു. എന്തായാലും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും വിഡി സതീശനും മയപ്പെട്ടു. സംഘടനാപരമായ കാര്യങ്ങളില്‍ താന്‍ ഒരു അഭിപ്രായവും പറയില്ലെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. അക്കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റ് ആയിരിക്കും പറയുക എന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതായിരുന്നില്ല സതീശന്റെ പ്രതികരണ രീതി എന്നത് വിശേഷാല്‍ ശ്രദ്ധയില്‍ പെടുന്ന ഒന്നായിരുന്നു.

6

ഉമ്മന്‍ ചാണ്ടി ആയാലും രമേശ് ചെന്നിത്തല ആയാലും കേരളത്തിലെ കോണ്‍ഗ്രസിലെ അനിഷേധ്യരായ നേതാക്കളാണ്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെ രണ്ട് ചേരികളായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ പോലും കോണ്‍ഗ്രസിലെ പൊതുധാരയ്ക്ക് എതിരായിരുന്നില്ല രണ്ട് പേരും എന്നതും ഓര്‍ക്കേണ്ടതാണ്. കേരളത്തിന് പുറത്ത്, കോണ്‍ഗ്രസിലെ പല പ്രമുഖരും ബിജെപി പാളയത്തിലേക്ക് കുത്തിയൊലിച്ച് പോയപ്പോഴും കേരളത്തില്‍ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള പ്രധാന കാരണം ഈ രണ്ട് നേതാക്കളുടെ സാന്നിധ്യമായിരുന്നു എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഗ്രൂപ്പ് നേതാക്കള്‍ പലരും മറുകണ്ടം ചാടുമ്പോഴും അടിത്തട്ടിലെ പാര്‍ട്ടി ഈ രണ്ട് നേതാക്കള്‍ക്കും ഒപ്പമാണെന്ന വസ്തുതയും മറക്കാന്‍ ആവില്ല.

7

ഈ ഒരു തിരിച്ചറിവിലാണ് കെ സുധാകരനും വിഡി സതീശനും തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്തിയത് എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍, ആ മയപ്പെടല്‍ പോലും ശാശ്വതമായിരിക്കണമെന്നില്ല. തന്റേയും കെപിസിസി പ്രസിഡന്റിന്റേയും മുന്നില്‍ ഒരു മിഷന്‍ ഉണ്ടെന്നും അത് നടപ്പിലാക്കാനുള്ള കൃത്യമായ പദ്ധതിയുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. ഈ മിഷന്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ പ്രബലരായ രണ്ട് നേതാക്കളെ ഒഴിവാക്കിക്കൊണ്ട് സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്യം.

8

എന്തായാലും രമേശ് ചെന്നിത്തല കുറച്ച് കാലത്തേക്ക് വലിയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കുറവാണ്. കാരണം ദേശീയ തലത്തില്‍ പുതിയ ഭാരവാഹിത്വം എന്ന വാഗ്ദാനം ഒരുപക്ഷേ, ഈ പ്രശ്‌നങ്ങളുടെ പേരില്‍ പിന്‍വലിക്കപ്പെട്ടേക്കാം എന്നത് തന്നെ ആണ് കാരണം. ഇത് സംബന്ധിച്ച ചില സൂചനകള്‍ ചെന്നിത്തലയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നിത്തല ദേശീയ നേതൃത്വത്തില്‍ എത്തിയാല്‍ അത് മറ്റ് ചിലര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന വിലയിരുത്തലും ഉണ്ട്. ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ചെന്നിത്തല.

9

എന്നാല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ അത്തരം പ്രതിബന്ധങ്ങള്‍ ഒന്നുമില്ല എന്നതാണ് എതിര്‍പക്ഷം ഭയക്കേണ്ട ഒരു യാഥാര്‍ത്ഥ്യം. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയോളം തന്ത്രജ്ഞനായ മറ്റൊരാള്‍ ഇല്ല എന്നതും എതിര്‍പക്ഷം തിരിച്ചറിയേണ്ടതാണ്. പാര്‍ട്ടി പിടിക്കാന്‍ കമ്മിറ്റികള്‍ പോലും വേണ്ടാത്ത ആളാണ് ഉമ്മന്‍ ചാണ്ടി. അലകും കോലും വേറിട്ടുകിടന്നിരുന്ന എ ഗ്രൂപ്പിനെ സുശക്തമായ ഒരു കേഡര്‍ സംവിധാനത്തിന് സമാനമായ രീതിയില്‍ മാറ്റിയെടുത്തിട്ടുണ്ട് ഉമ്മന്‍ ചാണ്ടി. അടിത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ ചാണ്ടിയിലുള്ള വിശ്വാസം തന്നെയാണ് ഇതിന്റെ അടിത്തറ. പരസ്യ പ്രതികരണങ്ങള്‍ നടത്താതെ, അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

10

ഹൈക്കമാന്‍ഡ് അല്ല, ആര് തീരുമാനിച്ചാലും ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തിനപ്പുറത്തേക്ക് പലതും പോകില്ലെന്ന് പറയാന്‍ വേറേയും ചരിത്രപരമായ ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടി കളിച്ച കളിയുടെ ബാക്കി ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇത്തവണ സിദ്ദിഖിനേയും കെ ബാബുവിനേയും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കത്തിന്റെ ചൂട് ഹൈക്കമാന്‍ഡും രഹുല്‍ ഗാന്ധിയും അറിഞ്ഞിട്ടുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+