കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: കണക്കുകള്‍ കൊണ്ടുള്ള കൗശലം; തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു: വിഡി സതീശന്‍

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്.

Google Oneindia Malayalam News
budget

തിരുവനന്തപുരം: കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്‍ 2023-24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളൂ. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാര്‍.

കോവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേര്‍ ഉണ്ടെന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. കോവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാര്‍ത്ഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുത്തള്ളുന്നതിനെ കുറിച്ചോ കടാശ്വാസ പദ്ധതികളെ കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണ്.

ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്‍ കേരളത്തിന് ബജറ്റ് വന്‍നിരാശയാണ് നല്‍കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. യു പി എ സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പട്ടിണിയില്‍നിന്നും കൈപിടിച്ച് ഉയര്‍ത്തിയ ഈ പദ്ധതി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദയാരഹിതമായി ഇല്ലായ്മ ചെയ്യുകയാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,400 കോടിയായിരുന്നത് 60,000 കോടിയായാണ് വെട്ടിക്കുറച്ചത്.നൂറുദിവസം തൊഴില്‍ നിഷേധിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്.

പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ സമ്പന്നരുമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. അതിസമ്പന്നരുടെ നികുതിയിലുള്ള സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്നും 25 ശതമാനം ആക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു. അതേസമയം സാധാരണക്കാര്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍,ബാങ്കുകള്‍,എല്‍ ഐ സി തുടങ്ങിയവയുടെ ഓഹരിയിലുണ്ടായ ഇടിവ് ബജറ്റിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു.അദാനിയുടെ കമ്പനികളുടെ തകര്‍ച്ചയെ തുടര്‍ന്ന് ആടിയുലഞ്ഞ ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തല്‍ നടപടികള്‍ ബജറ്റിലില്ല. കര്‍ഷകര്‍,യുവജനങ്ങള്‍, തൊഴില്‍രഹിതര്‍ തുടങ്ങി സാധാരണക്കാരെ നിരാശരാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

ലോക് ഡൗണും കോവിഡും കൊണ്ട് തകര്‍ന്ന് പോയ ചെറുകിട ഇടത്തരസംരഭങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ലഭിച്ചില്ല. ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനവും ചെറുകിട ഇടത്തരം സംരഭങ്ങളുടെ സംഭാവനയാണ്. ലോകത്തില്‍ അതിവേഗം വളരുന്നുയെന്ന് അവകാശപ്പെടുന്ന സമ്പദ്ഘടനയില്‍ ജനങ്ങള്‍ നാണ്യപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരും പാവപ്പെട്ടവരുമുള്ള രാജ്യംകൂടിയാണിത്.

സിപിഎമ്മും ബിജെപിയും തമ്മില്‍ രാഷ്ട്രീയചങ്ങാത്തമുണ്ടെങ്കിലും അതിന്റെ പ്രയോജനവും കേരളത്തിന് കിട്ടിയില്ല. ഇത്തവണത്തെ ബജറ്റിലും കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചു. റെയില്‍വെ, ഉപരിതല ഗാതഗത വികസനം എന്നിവയ്ക്ക് കാര്യമായ തുക അനുവദിച്ചില്ല. എയിംസിനായി ഇനിയും കാത്തിരിക്കേണ്ട ഗതികേടാണ്.എയിംസിനായി സ്ഥലം നിശ്ചയിച്ച് കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് ഇതിന് തിരിച്ചടിയായത്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഓരോ ജില്ലയ്ക്കും പ്രത്യേകം പരിഗണന ലഭിച്ചിരുന്നു. കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.

English summary
Opposition leader VD Satheesan Says the central budget is a trick with figures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X