ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തരപ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം സഭ വിട്ടു, 'ഇത് കൗരവസഭ'
തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി വൈകിയത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. എന്നാല്‍ പ്രസ്തുത വിഷയം കോടതിയുടെ പരിഗണനയിലാണ് എന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ് എന്നും ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ച് വെക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയില്‍ അല്ലാതെ വേറെ എവിടെയാണ് ചര്‍ച്ച ചെയ്യുക എന്നും സതീശന്‍ ചോദിച്ചു. ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള സര്‍ക്കാരാണ് അത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്തരമൊരു സര്‍ക്കാരിനെ എങ്ങനെയാണ് സ്ത്രീകള്‍ വിശ്വസിക്കുക എന്നും സതീശന്‍ ആരാഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് മൊഴി കൊടുക്കാന്‍ ആരും വരാത്തത്.
വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളുടെ അനുഭവം എല്ലാവരുടേയും മുന്നിലുണ്ട് എന്നും കേരള നിയമസഭയ്ക്ക് തന്നെ അപമാനകരമായ നടപടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് തികഞ്ഞ വഞ്ചനയാണ് എന്ന് കെ കെ രമയും വിമര്‍ശിച്ചു.
കേരളത്തിലെ സ്ത്രീ സമൂഹത്തെ ഒന്നാകെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ പറ്റിച്ചു. വെറുമൊരു പഠന റിപ്പോര്‍ട്ട് മാത്രമാണിത് എന്നും അതിന് നിയമ സാധുതയില്ലെന്നും രമ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ കുറ്റപ്പെടുത്തി.
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വേണ്ടിയിരുന്നത് എന്ന് കമ്മീഷന്‍ ആയിരുന്നു എന്നു എന്തുകൊണ്ടാണ് ഇത് കമ്മിറ്റിയാക്കിയത് എന്നും മുനീര്‍ ചോദിച്ചു. ബുധനാഴ്ച സഭയിലെ ചോദ്യോത്തര വേളയിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. 2019 ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് പൂഴ്ത്തി വെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാനല്ലേ എന്നായിരുന്നു സതീശന്‍ അന്ന് ചോദിച്ചത്
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications