കോണ്‍ഗ്രസ് വിടില്ലെന്ന് സരിന്‍; 'തിരുത്തല്‍ ശക്തിയായി തുടരും, പറയാനുള്ളത് പറയും'
പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കില്ലെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്‍. കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി തുടരും എന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളത് പറയുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വരെ കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു എന്നും ആ ഉറപ്പിന് ഒരു മാറ്റവും വന്നിട്ടില്ലെന്നായിരുന്നു സരിന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് വിമതനീക്കം നടത്തിയ സരിനെതിരെ തല്‍ക്കാലം നടപടി വേണ്ട എന്ന നിലപാടിലാണ് കെ പി സി സി നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ നടത്തിയത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം എന്ന് സരിന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. രാഹുലാണ് യോജ്യനെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെടണം എന്നും തനിക്ക് ശേഷം ഇന്നയാള്‍ എന്ന രീതിയില്‍ സ്ഥാനാര്‍ഥിത്വം തീരുമാനിക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എം എല്‍ എയായിരുന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു സരിന്റെ പ്രതികരണം.
തന്റെ പരാതി എ ഐ സി സി പ്രസിഡന്റിനും രാഹുല്‍ ഗാന്ധിക്കും നല്‍കിയിട്ടുണ്ട് എന്നും സരിന്‍ പറഞ്ഞിരുന്നു. 48 മണിക്കൂര്‍ സമയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് സരിന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സരിനെതിരെ തിടുക്കത്തില്‍ കെ പി സി സി അച്ചടക്ക നടപടി എടുക്കില്ല. സരിനെതിരെ ഈ ഘട്ടത്തില്‍ നടപടിയെടുക്കുന്നത് അദ്ദേഹത്തിന് വീരപരിവേഷം നല്‍കും.
ഇത് ചിലപ്പോള്‍ പാലക്കാട് തിരിച്ചടിയായേക്കും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സരിന്റെ അടുത്ത നീക്കം നിരീക്ഷിച്ച ശേഷം മതി നടപടി എന്നാണ് നേതൃത്വത്തിന്റെ പൊതുവായ ആലോചന. അതേസമയം ഇന്ന് പാലക്കാട് സരിന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെ സരിന്‍ കോണ്‍ഗ്രസ് വിടുകയാണെങ്കില്‍ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് വിവരം.
സരിന്‍ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാര്‍ഥി ആക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സരിനുമായി ഇതുവരെ സംസാരിച്ചിട്ടില്ല എന്നും സുരേഷ് ബാബു പറഞ്ഞു.
'രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങളില്‍ മാറ്റമുണ്ടാകാം. സരിന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെ ഞങ്ങള്‍ക്കും അറിയൂ. തുടര്‍ന്നുള്ള നിലപാട് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. സരിന്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് നോക്കട്ടെ,' അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications