കേരളത്തിന്റെ വികസനത്തെക്കുറിച്ച് എന്തെങ്കിലും പറയാറുണ്ടോ? മുരളീധരനോട് റിയാസ്
തൃശ്ശൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വികസന വിഷയത്തില്‍ അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വികസന കാര്യത്തെകുറിച്ച് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന നടപടിയാണ് വി മരളീധരനില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം തുറന്നടിച്ചു.
അന്നും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ മറുപടി പറഞ്ഞിട്ടില്ല എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ബി ജെ പി നടത്തുന്ന സമരത്തിലും ഗൃഹസന്ദര്‍ശനത്തിലും വി മുരളീധരന്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ബി ജെ പിയുടെ ഗൃഹസന്ദര്‍ശനത്തിനെത്തിയ വി മുരളീധരനോട് വീട്ടുകാര്‍ കെ റെയില്‍ അനുകൂല നിലപാടാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈനിനായി ഒരു കുടുംബം വാദിക്കുകയായിരുന്നു.

പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനേയും സംഘത്തേയും സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത് എന്നതും ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് മുരളീധരനോട് കുടുംബം അറിയിക്കുകയായിരുന്നു. അതേസമയം പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സി പി ഐ എം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാണെന്നാണ് പിന്നീട് വി മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ മുരളീധരനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.

വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാര്‍ വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താന്‍ പോകുന്നത് വളരെ മോശം കാര്യമാണെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബി ജെ പിയുടെ വാഹനത്തിലാണ് കെ റെയില്‍ വിരുദ്ധ സമരത്തിന് പോകേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. കെ റെയിലിന് ജനങ്ങള്‍ക്കിടയില്‍ പിന്തുണ ഏറുകയാണ് എന്നും സര്‍ക്കാരിന്റെ സൗകര്യം ഉപയോഗിച്ച് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂര്‍വ്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരന്‍ ചെയ്യുന്നില്ലെന്നും ശിവന്‍കുട്ടി പരിഹസിച്ചു. കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തില്‍ വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. സില്‍വര്‍ ലൈനിനായി സ്ഥാപിക്കുന്ന അതിരടയാളകല്ല് പിഴുതെറിയുന്നവര്‍ ബി ജെ പിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ വസ്തുത മനസിലാക്കി പദ്ധതിയെ അനുകൂലിക്കുകയാണെന്നും വികസനം വേണമെന്നാണ് അവര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കെ റെയില്‍ വിരുദ്ധ സമരങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു. യു ഡി എഫും ബി ജെ പിയും അടക്കമുള്ള വിദ്രോഹ ശക്തികളാണ് സമരത്തിന് പിന്നില്‍ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications