പത്മ മാതൃകയില്‍ കേരള ജ്യോതി പുരസ്‌കാരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: പത്മ മാതൃകയില്‍ കേരളത്തില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പുരസ്‌കാരങ്ങള്‍ എന്ന രീതിയിലാകും വിതരണം ചെയ്യുക. മൂന്ന് കാറ്റഗറിയിലാണ് പുരസ്‌കാരങ്ങള്‍. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിവയാണ് മൂന്ന് വിഭാഗം. നവംബര്‍ ഒന്നിനാകും പുരസ്‌കാര പ്രഖ്യാപനം. കേരള ജ്യോതി ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ രണ്ടുപേര്‍ക്ക് നല്‍കും. കേരള ശ്രീ അഞ്ച് പേര്‍ക്കും.
വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കാണ് സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായി മൂന്ന് കേരള പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാരങ്ങളുടെ എണ്ണവും വിവരങ്ങളും വിജ്ഞാപനം ചെയ്ത് എല്ലാ വര്‍ഷവും ഏപ്രിലില്‍ പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. രാജ്ഭവനിലാണ് പുരസ്‌കാര വിതരണം ചടങ്ങ് നടക്കുക. അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, പ്രളയ ദുരന്തത്തില്‍ നാട് പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാര്‍ പുതിയ പുരസ്‌കാര തീരുമാനം എടുത്തതിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുകിടക്കുന്ന രംഗം മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. സഹായം കാത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ ഇരിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ദുരന്തകാലത്ത് പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന് പറയുന്നവര്‍ക്ക് ഓരോ പുരസ്‌കാരം നല്‍കാമെന്നും പരിഹസിച്ചു. വളരെ കടുത്ത ഭാഷയിലാണ് രാഹുലിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...
മുപ്പത്തിയൊമ്പത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല,
പിഞ്ചുകുഞ്ഞുങ്ങള്‍ മണ്ണിനടിയില്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടന്ന കാഴ്ച്ച കണ്ണില്‍ നിന്നും മാറിയിട്ടില്ല,
ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായവരുടെ ആര്‍ത്ത് വിളിച്ച കരച്ചില്‍ കാതില്‍ മുഴങ്ങുന്നുണ്ട്..
അപ്പോഴാണ് കേരള രാജാവിന്റെ 'കേരള ജ്യോതിയും, കേരള പ്രഭയും, കേരള ശ്രീയും' പുരസ്‌കാരങ്ങള്‍.
ദുരന്തകാലത്ത് പ്രതിപക്ഷം വിമര്‍ശിക്കുന്നേയെന്ന് വിലപിച്ച് കാവ്യമെഴുതുന്ന ഇടത് ജീവികള്‍ക്കെല്ലാം ഒരോ പുരസ്‌കാരം കൊടുക്കാം...
ചോര കണ്ട് അറപ്പ് മാറിയ ഒരു ഭരണാധികാരിക്കും പൗരന്റെ ജീവന്റെ വിലയറിയണമെന്നില്ല. രണ്ട് ചങ്ക് പോയിട്ട് ആര്‍ദ്രതയുള്ള ചങ്കിന്റെ അംശമെങ്കിലുമുണ്ടോയെന്ന് ഒരു പരിശോധന നടത്തുക...
എന്നിട്ട് സ്വയം 'ഔചിത്യ ശ്രീ, ഉളുപ്പ് പ്രഭ, മനസാക്ഷി ജ്യോതി' പുരസ്‌കാരത്തിന് അപേക്ഷി..
അവാര്‍ഡ് മോഹികളുടെ വാഴ്ത്തലുകള്‍ തുടരുക, 'ദീപസ്തംഭം മഹാശ്ചര്യം'!












Click it and Unblock the Notifications