പാലക്കാട് എല്‍ഡിഎഫിന് 52000 വരെ വോട്ടുകള്‍: 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി സരിന്‍
പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുമായി എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിന്‍. 120000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് വിജയിക്കാമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ യു ഡി എഫിന്റെയും എന്‍ ഡി എയുടേയും അടിത്തറ ഇളകും. കഴിഞ്ഞ തവണത്തേതില്‍ നിന്നും എല്‍ ഡി എഫ് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കും. മുന്നണിക്ക് 50000 വരെ വോട്ടുകള്‍ ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'ഇടതുപക്ഷ ആഭിമുഖ്യത്തില്‍ ഇത്തവണ കിട്ടിയ വോട്ട് എന്ന് പറയുമ്പോള്‍ ഇത്തവണ പുതുതായി കിട്ടിയ വോട്ട് എന്നാണ്, അതായത് മുമ്പ് കിട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ വോട്ട് എന്ന് അല്ല. അത്തരം രാഷ്ട്രീയ വോട്ടുകള്‍ 40000-42000 വരെ മാത്രമാണെന്ന് എല്‍ ഡി എഫിന് കൃത്യമായി അറിയാം. ഇത്തവണ അത് 46000 വരെ എന്ന കണക്കുണ്ട്. അതിന് അപ്പുറം നിഷ്പക്ഷ സ്വതന്ത്ര വോട്ടുകളും, നിസംഗരായി വോട്ട് ചെയ്യാതെ മാറി നിന്നവരും വന്ന് ചെയ്ത വോട്ടുകളും കണക്കാക്കുമ്പോള്‍ അത് ഒരു 5000 ത്തോളം വരാം. എല്ലാംകൂടെ കണക്കാക്കുമ്പോള്‍ 52000 വരെ വോട്ട് ലഭിച്ച് ജയിക്കാനുള്ള സാധ്യത മുന്നിലുണ്ട്'- പി സരിന്‍ പറഞ്ഞു.

എല്‍ ഡി എഫിനെ സംബന്ധിച്ച് ഏകപക്ഷീയമായ വിജയത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം യു ഡി എഫ് ദയനീയമായി മൂന്നാം സ്ഥാനത്തേക്കും വീണേക്കും. അങ്ങനെയാണെങ്കില്‍ 10000 മുതല്‍ 12000 വരെ വോട്ടിന് വിജയിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിലൊരു വിജയമുണ്ടാകുകയാണെങ്കില്‍ സംസ്ഥാന സർക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലിനോടൊപ്പം കോണ്‍ഗ്രസ് വിടുമ്പോള്‍ ഞാന്‍ ഉന്നയിച്ച വിഷയങ്ങളുടേയും വിലയിരുത്തലാകും.
അതോടൊപ്പം തന്നെ ഞങ്ങള്‍ അർഹിച്ചിരുന്നത് ഇത് അല്ലെന്ന് ബോധ്യമുള്ള ഒരു ജനത പാലക്കാടുണ്ട്. ആ അർഹതിയിലേക്ക് അവരോടൊപ്പം നില്‍ക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനുള്ള അവസരമാണല്ലോ ഇത്. അവരോടൊപ്പം നിന്നിരുന്നുവെന്ന് അവർ വിശ്വസിക്കുന്ന ഒരാള്‍ ചെയ്തിരുന്ന കാര്യങ്ങളെ കൃത്യമായി തുറന്ന് കാട്ടാന്‍ സാധിച്ചു. വോട്ട് സംബന്ധിച്ച കണക്കുകള്‍ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആ കണക്കുകളാണ് ഞാന്‍ ഇത്രയും വരെ പറഞ്ഞതെന്നും പി സരിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications