'രാവിലെ സൂര്യനുദിക്കുമ്പോൾ താമരവിരിയും, 5000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാവും'; സി കൃഷ്‌ണകുമാർ
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം ഉറപ്പെന്ന് വ്യക്തമാക്കി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ. പാലക്കാട് നിന്ന് എൻഡിഎയ്ക്ക് എംഎൽഎ ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടെണ്ണൽ ദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്‌ണകുമാർ. ജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് പറഞ്ഞ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യുമെന്നും കൃഷ്‌ണകുമാർ ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് യാതൊരു എതിർപ്പുമില്ല. അവർക്കിടയിലെ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ന് സൂര്യനുദിക്കുമ്പോൾ താമര വിരിയുമെന്നാണ് കൃഷ്‌ണകുമാർ പറഞ്ഞത്.

കഴിഞ്ഞ തവണ നഷ്‌ടമായ വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവിലെ സി കൃഷ്‌ണകുമാർ പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇതിന് ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. മണ്ഡലത്തിൽ ഇത്തവണ ഉറപ്പായും ജയം നേടുമെന്ന് തന്നെയാണ് അദ്ദേഹം പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകുമെന്നാണ് കൃഷ്‌ണകുമാർ പറയുന്നത്. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകും. ക്രിസ്ത്യൻ വിഭാഗത്തിലെ വലിയ ശതമാനം വോട്ട് എൻഡിഎയ്ക്ക് തന്നെയായിരിക്കും കിട്ടുക. ഒമ്പത് മണിക്ക് ശേഷം ആഘോഷം ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും എന്നാണ് കരുതുന്നത്. പാലക്കാട് ഇക്കുറി പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായിരുന്നു. ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 73 ശതമാനം കടന്ന സ്ഥാനത്തായിരുന്നു ഇത്.
ഇക്കുറി മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി ജില്ലയിൽ നിന്ന് തന്നെയുള്ള സി കൃഷ്‌ണകുമാർ മത്സരിക്കുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ഇ ശ്രീധരന് കൈയെത്തും ദൂരത്ത് നഷ്‌ടമായ എംഎൽഎ പദവി ഇക്കുറി കൃഷ്‌ണകുമാറിലൂടെ പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. എന്നാൽ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ഉൾപ്പെടെ തിരിച്ചടിയായി അവർക്ക് മുന്നിലുണ്ട്.
തിരഞ്ഞെടുപ്പിൽ സി കൃഷ്‌ണകുമാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സന്ദീപ് വിമത സ്വരം ഉയർത്തിയിരുന്നു. പിന്നീട് അത് പരസ്യ പോരിലേക്ക് തിരിയുകയും ചെയ്‌തു. പിന്നീടാണ് സന്ദീപ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ കൂടുമാറ്റം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. അത് വോട്ടിംഗിൽ പ്രതിഫലിച്ചോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.












Click it and Unblock the Notifications