പാര്‍ട്ടി പറഞ്ഞപ്പോഴെല്ലാം മത്സരിച്ചിട്ടുണ്ട്, സീറ്റ് മോഹിയായി ചിത്രീകരിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍
പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പാലക്കാട് പ്രചാരണ കണ്‍വെന്‍ഷനിലെത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി പറഞ്ഞ സ്ഥലത്തെല്ലാം താന്‍ മത്സരിച്ചിട്ടുണ്ട്. വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ പാലക്കാട്ട് മത്സരിച്ചിട്ടുണ്ട്. അന്ന് തൃശൂര്‍ വിട്ടുകൊടുത്താണ് മത്സരിച്ചത്. കേരളത്തിലെ എല്ലാ പ്രദേശങ്ങളും എനിക്ക് വീടായി മാറി കഴിഞ്ഞിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ പ്രചാരണത്തിനെത്താത്തതില്‍ വലിയ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചാണ് തിങ്കളാഴ്ച്ച ശോഭ കണ്‍വന്‍ഷനിലേക്ക് എത്തിയത്. ഒരിക്കല്‍ പോലും നേതൃത്വത്തെയും നേതാക്കളെയും അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തില്ല.

തിരഞ്ഞെടുപ്പുസമയത്ത് ഇടയുന്ന ആളല്ല ഞാന്‍. ഒരു പരാതിയും തനിക്കില്ലെന്നും ശോഭ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ശോഭയുടെ വാക്കുകളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ശോഭയെ കണ്‍വെന്‍ഷന്‍ വേദിയിലേക്കും കരഘോഷത്തോടെ പ്രവര്‍ത്തകര്‍ വരവേറ്റു. വി മുരളീധരന്‍ അടക്കമുള്ള നേതാക്കളുണ്ടായിട്ടും ശോഭയ്ക്കാണ് കൂടുതല്‍ കൈയ്യടികള്‍ ലഭിച്ചത്.
നേരത്തെ ജില്ലാ നേതൃത്വം പാലക്കാട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ധിപ്പിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പാലക്കാട് മറ്റൊരു സ്ഥാനാര്‍ത്ഥിയെത്തുകയായിരുന്നു.
നേരത്തെ കണ്‍വെന്‍ഷനിലെത്തിയപ്പോള്‍ മാധ്യമങ്ങളെയാണ് ശോഭ കുറ്റപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്നയാളല്ല താനെന്ന് അവര്‍ പറഞ്ഞിരുന്നു. മത്സരിക്കുന്നില്ല എന്ന് പറഞ്ഞയാളാണ് ഞാന്‍. തന്നെ സ്ഥാനാര്‍ത്ഥി മോഹിയായി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പത്ത് പേര്‍ തികച്ച് ബിജെപിക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ്. ഈ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യം തരണേ എന്നാണ് പ്രാര്‍ത്ഥനയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും അഖിലേന്ത്യാ നേതൃത്വത്തോടും താന്‍ പറഞ്ഞത്, ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 28ാം ദിവസം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു. അങ്ങനെയൊരു വ്യക്തിയെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി മോഹിയായി ചിത്രീകരിക്കുന്നത് ദു:ഖകരമാണ്. എംഎല്‍എ അല്ലെങ്കില്‍ എംപിയാവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മതേതരത്വത്തിന് വേണ്ടി, വര്‍ഗീയതയ്‌ക്കെതിരെ മത്സരിക്കുമെന്നാണ് പാലക്കാട് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. അവര്‍ തുറന്ന വ്യാജ മതേതരത്വത്തിന്റെ കട ബിജെപി പൂട്ടിക്കും. ഭാവാത്മക മതേതരത്വത്തിന്റെ കട ബിജെപി തുറക്കുകയും ചെയ്യും. പാലക്കാട് ആര് മത്സരിച്ചാലും വ്യക്തിക്കല്ല പ്രാധാന്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ തലപൊട്ടി കിടക്കുന്ന മഹിളാ കോണ്‍ഗ്രസുകാരുടെ കാര്യം നോക്കിയാല്‍ മതി. താന്‍ പ്രചാരണത്തിന് എത്തിയില്ലെന്ന് പറഞ്ഞ് അത്ര കണ്ട് സ്‌നേഹിക്കേണ്ടത്. സ്‌നേഹിച്ച് സ്‌നേഹിച്ച് അപമാനിക്കരുതെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications