പാലക്കാട് ലോറി അപകടത്തില്‍ 4 സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം: നിരവധി കുട്ടികള്‍ക്ക് പരിക്ക്
കല്ലടിക്കോട്: പാലക്കാട് ലോറി അപകടത്തില്‍ നാല് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു. ഒട്ടേറെ വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. എല്ലാവരേയും ആശുപത്രികളിലേക്ക് മാറ്റി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
ലോറിക്ക് അടിയില്‍ കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുണ്ട്. ലോറി ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ക്രെയിന്‍ ഉള്‍പ്പെടേയുള്ളവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. മഴയില്‍ നനഞ്ഞ റോഡില്‍ നിയന്ത്രണം നഷ്ടമായ ലോറി കുട്ടികള്‍ക്കിടയിലേക്ക് അതിവേഗം പാഞ്ഞുകയറുകയായിരുന്നു.

മരിച്ചവരെല്ലാം എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. അപകടത്തില്‍ ലോറി ഭാഗികമായി തകർന്നു. അപകടം നടന്നയുടന്‍ പരിസരത്തുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികളും ചേർന്ന് വിദ്യാർത്ഥികളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
യന്ത്രണം വിട്ട ലോറി വിദ്യാർത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്നും ലോറിക്കടിയില്‍ കുട്ടികളുണ്ടായിരിക്കാമെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.വിദ്യാർത്ഥികളെ ഇടിച്ചിട്ടതിന് ശേഷവും മുന്നോട്ട് പോയ ലോറി റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞ് കിടക്കുകയാണ്. ഇവിടെ നിന്നും ലോറി കരയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടു.
അതേസമയം, കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications