മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ പൊലീസ് കേസ്
കൊച്ചി: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദം പരാമർശമാണ് കേസെടുക്കാൻ കാരണമായത്. ഐ പി സി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസിന്റേതാണ് നടപടി. ഡി വൈ എഫ് ഐ നേതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
'തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ആണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം'.
ഈ സംഭവത്തിലാണ് ഇപ്പോൾ കേസെടുത്തത്. അതേസമയം, പൊലീസിന് പരാതി സമർപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

കെ. സുധാകരൻ പറഞ്ഞത്; -
'മുഖ്യമന്ത്രി ആണെന്ന് പദവി പോലും മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നത്. അത് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്?

എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.'...
അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയെന്നാരോപിച്ച് മന്ത്രിമാരും സി പി എം നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സംഭവം പിന്നീട് വലിയ രീതിയിലുള്ള വിവാദ തലത്തിലേക്ക് മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഇടത് യുവജന സംഘടനകൾ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും ആവിശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയം, വിവാദമായി മാറിയതിന് പിന്നാലെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
പൂക്കൾ ധരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; കിടിലൻ ലുക്കാണ്; ചിത്രങ്ങളോ....നല്ല അടിപൊളി വൈറൽ

മലബാറിലെ പ്രാദേശിക ഭാഷ പ്രയോഗമായാണ് ഉപയോഗിച്ചതെന്നും പരാമര്‍ശം അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ആ പരാമർശം താൻ പിന്‍വലിക്കുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
'താൻ പറഞ്ഞത്, അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചാണ്. ഞാനിപ്പോള്‍ എന്നെ കുറിച്ച് പറയാറുണ്ട്, ഞാൻ പട്ടിയെ പോലെ ഓടുകയാണഅ എന്ന്. അങ്ങനെ പറഞ്ഞാൽ, ഞാന്‍ പട്ടിയാണെന്ന് അര്‍ത്ഥമില്ലല്ലോ. അതൊരു ഉപമയാണ്. ആരെ പറ്റിയാ ഞാന്‍ പറഞ്ഞത്. പിണറായി വിജയനെ പറ്റി. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നി എങ്കിൽ തന്റെ ആ പരാമർശം, താൻ പിന്‍വലിക്കുന്നു. ഞാന്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല' - കെ സുധാകരന്റെ വാക്കുകൾ.

താൻ നടത്തിയ പരാമര്‍ശത്തിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യട്ടേ എന്നും സുധാകരൻ പ്രതികരിച്ചിരുന്നു. എന്നാൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കിയാൽ യു ഡി എഫിനാണ് പത്ത് വോട്ട് അധികം ലഭിക്കുക എന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിഷയത്തിൽ കെ. സുധാകരന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രചരണത്തിന് നേരിട്ട് ഇറങ്ങുമെന്നും നേതൃത്വം വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് കെ സുധാകരനെ വിവാദ പ്രതികരണത്തിലേയ്ക്ക് നയിച്ചത്.












Click it and Unblock the Notifications