പള്ളിവേട്ട സ്വദേശി യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി
തിരുവനന്തപുരം : പള്ളിവേട്ട സ്വദേശി എസ്. ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. പള്ളിവേട്ട മണലുവിള സ്വദേശി ഷിബുവാണ് (34) ഇന്നലെ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഷിബു മാസങ്ങളായി ഒളിവിലായിരുന്നു. പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മാർച്ച് ആറിന് ആര്യനാട് പഴയകച്ചേരി നടയിലുള്ള തിരുമല സ്വദേശി സുരേഷിന്റെ സ്‌കൂട്ടർ വർക്ക് ഷോപ്പിലായിരുന്നു സംഭവം. വൈകിട്ട് ഏഴോടെ തന്റെ ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ജയകൃഷ്ണനും സുരേഷും തമ്മിൽ വാക്കുതർക്കുമുണ്ടായി. തുടർന്ന് ഇവിടനിന്ന് മടങ്ങിപ്പോയ ജയകൃഷ്ണനെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന രാത്രി പത്തോടെ വർക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സുഹൃത്ത് പള്ളിവേട്ട കടുവാക്കുഴി നടുവിള റോഡരികത്ത് വീട്ടിൽ അജി സോമനെയും കൂട്ടി ജയകൃഷ്ണൻ വർക്ക് ഷോപ്പിലെത്തി. ഈ സമയം സുരേഷും സുഹൃത്ത് ഷിബുവും വർക്ക് ഷോപ്പിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവിടെയെത്തിയ ജയകൃഷ്ണനുമായി ഇവർ വാക്കേറ്റമുണ്ടായി. തുടർന്ന് സുരേഷും ഷിബുവും ചേർന്ന് ജയകൃഷ്ണനെ മർദ്ദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ അജിയ്‌ക്കും മർദ്ദനമേറ്റു. ഇതിനിടെ ഷിബു വാൾകൊണ്ട് ജയകൃഷ്ണനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണൻ സംഭവസ്ഥലത്തു മരിച്ചു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് ഗുരുതരമായി പരിക്കേറ്റ അജിയെ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. വർക്ക് ഷോപ്പ് ഉടമ സുരേഷിനെ സംഭവ ദിവസം തന്നെ പൊലീസ് സ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications