പാങ്ങപ്പാറ ദുരന്തം!നിർമ്മാണം അനുമതി ഇല്ലാതെ!ഞെട്ടിക്കുന്ന വിവരങ്ങൾ!നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിങ്കളാഴ്ച പാങ്ങപ്പാറയെ ഞെട്ടിച്ച ദുരന്തത്തിൽ ഫ്ലാറ്റ് നിർമ്മാണം നടത്തിയത് നിയമ വിരുദ്ധമായിട്ടാണെന്ന് ആരോപണം. നഗരസഭയിൽ നിന്ന് പെര്‍മിറ്റ് എടുത്ത ശേഷം കെട്ടിടത്തിൻറെ വിസ്തൃതി കൂട്ടി പ്ലാൻ സമർപ്പിച്ചെങ്കിലും ഇതിന് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ നിർമ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നുവെന്ന് നഗരസഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി കെട്ടുന്നതിന് മുമ്പാണ് നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

കൂടാതെ നിർമ്മാണം നടത്താൻ തീരുമാനിച്ച സ്ഥലം റോഡിൽ നിന്ന് വളരെ ഉയരത്തിലായതിനാൽ ഇത് റോഡിനൊപ്പമാക്കുന്നതിന് വേണ്ടിയായിരുന്നു മണ്ണ് നീക്കാൻ ആരംഭിച്ചത്. അടിവശത്ത് പാർക്കിങ് സൗകര്യം ക്രമീകരിക്കാൻ കൂടി വേണ്ടിയായിരുന്നു ഇത്. പരിസരത്തെ കെട്ടിടങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും നിയമാനുസൃതമായ അകലം പാലിക്കാതെയായിരുന്നു മണ്ണെടുപ്പ് നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് നഗരസഭയോ മൈനിങ് ആൻഡ് ജിയോളജി വിഭാഗമോ നടപടി സ്വീകരിച്ചിരുന്നില്ല.

pangappara

അപകടകരമായ വിധം മണ്ണെടുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഒഒരാഴ്ച മുമ്പ് റവന്യൂ ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ മൈനിങ് ആൻഡ് ജിയോളജിയിൽ നിന്നും നഗരസഭയിൽ നിന്നും ലഭിച്ച പെർമിറ്റുകൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമ്മാതാക്കൾ ഇവരെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഇത് തടയാൻ റവന്യൂ വകുപ്പും തയ്യാറായിരുന്നില്ല.

അതേസമയം അപകടത്തിനു പിന്നാലെ ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. നിർമ്മാണ പ്രവർത്തനം നടക്കുന്നിടത്ത് സംരക്ഷണ ഭിത്തി കെട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ നടപടി. സംഭവത്തിൽ ജില്ലാ ഭരണകൂടത്തെ റവന്യൂ മന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സര്‍ക്കാർ എല്ലാ സൗകര്യവും ചെയ്യും.

English summary
pangappara accident stop memmo for construction.
Please Wait while comments are loading...