'മകൾ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത്'; ഇനി ട്വിസ്റ്റ് ഉണ്ടാവില്ലെന്ന് യുവതിയുടെ അച്ഛൻ
കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ അച്ഛൻ. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലൻസിൽ വെച്ച് വരെ മകളെ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ആംബുലൻസിൽ സ്ട്രച്ചറിൽ കിടക്കുമ്പോൾ രോഗിയാണെന്ന പരിഗണന പോലും നൽകാതെയാണ് മകളെ അവൻ മർദ്ദിച്ചത്. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീർപ്പിന് വന്ന് മോഹനവാഗ്ദാനങ്ങൾ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവർക്ക് കിട്ടിയ ശേഷം തനി സ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്, അച്ഛൻ പറഞ്ഞു.
മകൾ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. ഇനിയും ഇത് തുടരാനാകില്ല. തൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിൻവലിക്കേണ്ടി വന്നത്. മകളും ഇപ്പോൾ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുന പരിശോധിക്കണമെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു.

കൊലപാതക ശ്രമമാണ് നടന്നത് എന്നും മറ്റൊരു വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്തിട്ടില്ലെന്നും ഇതിന് പുറമെ തന്റെ മകളെ രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഇനിയൊരിക്കലും അവനോടൊപ്പം ജീവിക്കാൻ മകൾ തയ്യറല്ലെന്നും അത്രയ്ക്കും ഫ്രോഡ് ആയിട്ടുള്ള ഒരു വ്യക്തിയുമായി ജീവിക്കാൻ അവൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭയങ്കര പീഡനം മകൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു. ഇനി ഈ കേസിൽ ട്വിസ്റ്റ് ഉണ്ടാവില്ലെന്നും മകൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവവധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവ് രാഹുലിനെതിരെ വീട്ടുകാർ ആദ്യം നൽകിയ പരാതി പെൺകുട്ടി തന്നെ മുന്നിട്ട് പിൻവലിപ്പിക്കുകയായിരുന്നു. രാഹുലിനൊപ്പം പോയ പെൺകുട്ടിക്ക് വീണ്ടും ഗുരുതരമായി പരിക്കേറ്റത് കഴിഞ്ഞ തിങ്കഴളാഴ്ച രാത്രിയാണ്.
രാഹുൽ തന്നെയാണ് യുവതിയെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. അവിടെ നിന്ന് രാഹുൽ മുങ്ങുകയായിരുന്നു. പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞാണ് രാഹുൽ മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അമ്മ വിളിച്ചതിന്റെ പേരിലും രാഹുൽ മർദ്ദിച്ചുണ്ടെന്നും യുവതി പറയുന്നു.












Click it and Unblock the Notifications