'യഥാര്‍ത്ഥ കേരള സ്റ്റോറി': ഈദ് ഗാഹ് സമയത്ത് മൈക്ക് ഓഫാക്കി സഹകരിച്ചു, ക്ഷേത്രം ഭാരവാഹികള്‍ക്ക് നന്ദി
തിരുവനന്തപുരം: സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്ത ഈദ് ഗാഹില്‍ തക്ബീറുകള്‍ മുഴക്കി വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച പഴവങ്ങാടി ക്ഷേത്രസമിതിയെ അഭിനന്ദിച്ച് നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കിഴക്കെകോട്ട നായനാര്‍ പാര്‍ക്കില്‍ ഈദ് പ്രാര്‍ത്ഥന നടക്കുമ്പോഴാണ് റോഡിന് മറുവശത്തുള്ള പഴവങ്ങാടി ക്ഷേത്രം പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് സഹകരിച്ചത്.
ഇപ്പോഴിതാ മൈക്ക് ഓഫ് ചെയ്ത് ഈദ് ഗാഹിന് വേണ്ട സൗകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ചാല ജുമാ മസ്ജിദ് ഭാരവാഹികള്‍. ഇവര്‍ ക്ഷേത്രത്തിലെത്തിയാണ് നന്ദി അറിയിച്ചത്. ചീഫ് ഇമാം അബ്ദുല്‍ ഷക്കൂര്‍ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.

'മാനവികതയുടെ പ്രവാചകന്‍' എന്ന പുസ്തകം ഉപഹാരമായി നല്‍കിയാണ് മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. ബലി പെരുന്നാള്‍ ദിവസത്തെ ഈദ് ഗാഹ് സമയത്ത് ഗണപതി ക്ഷേത്രത്തില്‍ പൂജാ സമയമായിരുന്നു. മൈക്കിലൂടെയുള്ള പ്രാര്‍ത്ഥനയില്‍ ഈദ് നമസ്‌കാരം തുടങ്ങാന്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായി.
ഈ സമയം ഈദ് ഗാഹ് ഭാരവാഹികളായ നസീര്‍ വള്ളക്കടവ്, റഷീദ് മദനി എന്നിവര്‍ ക്ഷേത്രഭാരവാഹികളോട് ഇക്കാര്യം സൂചിപ്പിച്ചു. ഇതോടെയാണ് പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്യാന്‍ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറായി. തടസ്സങ്ങളില്ലാതെ നമസ്‌കാരത്തിന് അവസരമൊരുക്കിയതിനു നന്ദി അറിയിക്കാനാണ് മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രക്കമ്മിറ്റിയും ഈദ് ഗാഹ് കമ്മിറ്റിയും പരസ്പരം കാണിച്ച മനുഷ്യ സൗഹാര്‍ദ നിലപാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയുടെ നേര്‍ചിത്രമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സി പി സലീം ഈദ് പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications