കേരള ജനപക്ഷം പാർട്ടിയിൽ നിന്ന് പിസി ജോർജിനെ പുറത്താക്കി, തിരഞ്ഞെടുപ്പിന് മുൻപ് വൻ ട്വിസ്റ്റ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിക്കുളളില്‍ നാടകീയ സംഭവ വികാസങ്ങള്‍. പിസി ജോര്‍ജിനെ കേരള ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജനപക്ഷം നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജനപക്ഷം പാര്‍ട്ടി പിളര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെയാണ് തിരഞ്ഞെടുപ്പിന് തൊട്ട്മുന്‍പായുളള വമ്പന്‍ ട്വിസ്റ്റ്. വിശദാംശങ്ങള്‍ ഇങ്ങനെ
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി
നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജ് കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് പൂഞ്ഞാറില്‍ നിന്നും ഇക്കുറി ജനവിധി തേടുന്നത്. കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ രക്ഷാധികാരിയാണ് പിസി ജോര്‍ജ്ജ്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിസി ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

പാര്‍ട്ടി പിരിച്ച് വിട്ടു
കേരള ജനപക്ഷം എന്ന പാര്‍ട്ടിയുമായാണ് പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക് എത്തിയത്. എന്നാല്‍ ബിജെപിയുമായുളള ബന്ധത്തിന് താല്‍പര്യം ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയതോടെ പിസി ജോര്‍ജ്ജ് പാര്‍ട്ടി പിരിച്ച് വിട്ടു. പകരം കേരള ജനപക്ഷം സെക്യുലര്‍ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുക്കുകയായിരുന്നു. പിന്നീട് പിസി ജോര്‍ജ് തന്നെ എന്‍ഡിഎ ബന്ധവും ഉപേക്ഷിച്ചു.

തനിച്ച് മത്സരിക്കാനുളള തീരുമാനം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫിലേക്ക് തിരികെ എത്താന്‍ പിസി ജോര്‍ജ് ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. ഇതോടെയാണ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായി തനിച്ച് മത്സരിക്കാനുളള തീരുമാനം. 2016ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് 25,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പിസി ജോര്‍ജ് ഇത്തവണയും ജനവിധി തേടുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
എന്നാല്‍ ബിജെപിയുമായി കൂട്ട് കൂടിയതും നിരന്തരമായ ഇസ്ലാം വിരുദ്ധ പ്രസ്താവനകളുമെല്ലാം മണ്ഡലത്തില്‍ പിസി ജോര്‍ജിന് എതിരെ ജനവികാരം ഉയര്‍ന്ന് വരാന്‍ കാരണമായിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവലേറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ വെല്ലുവിളികള്‍ക്കെല്ലാം ഇടയിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായുളള പ്രഖ്യാപനം

ഭാസ്‌കര പിള്ള പുതിയ ചെയര്‍മാന്‍
കേരള ജനപക്ഷം സെക്യുലര്‍ വര്‍ക്കിംഗ് ചെയര്‍മാനായ ഭാസ്‌കര പിള്ളയാണ് പിസി ജോര്‍ജിനെ പുറത്താക്കിയതായി വ്യക്തമാക്കിയിരിക്കുന്നത്. ഭാസ്‌കര പിള്ളയാണ് പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം, ട്രഷറല്‍ എന്‍എ നജുമുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ജനപക്ഷം പിളര്‍ന്നതായി റിപ്പോര്‍ട്ടുകൾ
അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകളോട് പിസി ജോര്‍ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരള ജനപക്ഷം പിളര്‍ന്നതായി മാര്‍ച്ച് ആദ്യത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇകെ ഹസന്‍കുട്ടി അടക്കമുളള ഒരു വിഭാഗം നേതാക്കളെ ആണ് നീക്കം ചെയ്ത് വിമത വിഭാഗം പുതിയ കമ്മിറ്റിക്ക് രൂപം കൊടുത്തത്. ജനതാദള്‍ എസില്‍ ഭൂരിപക്ഷം അംഗങ്ങളും ലയിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

നിലപാടില്ലാത്ത രാഷ്ട്രീയം
പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ ഹാജി പാമങ്ങാടനെ ആണ് മുഖ്യരക്ഷാധികാരിയായി തിരഞ്ഞെടുത്തത് ചെയര്‍മാനായി പാലക്കാട് ജില്ലാ അധ്യക്ഷാനായിരുന്ന ജയന്‍ മമ്പുറത്തേയും തിരഞ്ഞെടുത്തു. ദളിത്, ഈഴവ, ന്യൂനപക്ഷങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പിസി ജോര്‍ജിനോടുളള പ്രതിഷേധമായിട്ടായിരുന്നു വിമത നീക്കം. എന്നാല്‍ ഇവര്‍ പാര്‍ട്ടിയുമായി മാസങ്ങളായി ബന്ധം ഇല്ലാത്തവരാണെന്നും മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയുളള ശ്രമം ആണെന്നുമാണ് പിസി ജോര്‍ജ് അന്ന് പ്രതികരിച്ചത്.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം