സോളാറില്‍ വഞ്ചന, പിണറായി രാജിവെക്കണം: ആർഎംപി യുഡിഎഫ് വിടണമെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സോളാർ കേസ് സി പി എം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി ജെ പി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സി പി എം ശ്രമിച്ചത്. എന്നാൽ ബി ജെ പിയായിരുന്നു അന്ന് പ്രതിപക്ഷത്തിൻ്റെ ധർമ്മം നിറവേറ്റിയതെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നു.
അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി നടപ്പിലാക്കി. ഇന്നത്തെ എംപിയും അന്നത്തെ പാർട്ടി ചാനലിൻ്റെ മേധാവിയുമായിരുന്ന ജോൺ ബ്രിട്ടാസാണ് അതിന് ഒത്താശ ചെയ്തതെന്ന മുണ്ടക്കയത്തിൻ്റെ ആരോപണം ഗൗരവതരമാണ്. ടിപി ചന്ദ്രശേഖരൻ്റെ കേസുമായാണ് സോളാർ കേസ് ഒത്തുതീർപ്പാക്കിയതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ തന്നെ പരസ്യമായി ആരോപിച്ചിരുന്നു.

ഇപ്പോഴും ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്ന യുഡിഎഫ് കേരള സമൂഹത്തോട് മാപ്പ് പറയണം. ആത്മാഭിമാനമുണ്ടെങ്കിൽ കെകെ രമയും ആർഎംപിയും യു ഡി എഫ് സഖ്യം വിടണം. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ജോൺ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒത്തുതീർപ്പിന് തയ്യാറെന്ന് തിരുവഞ്ചൂർ അറിയിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് ആദ്യ വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്നാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പ്രതികരിക്കുന്നത്. ഫോണിൽ നിന്ന് സംസാരിച്ചത് ജോൺ ബ്രിട്ടാസായിരുന്നു. സമരം തുടരണമെന്ന് എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ലെന്ന് സമരരീതി കണ്ടാൽ മനസ്സിലാകും. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയായിരുന്നു സമരം തുടങ്ങിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.












Click it and Unblock the Notifications