'കസ്റ്റഡി മര്‍ദ്ദനം സഹിക്കില്ല, നേരെ സിബിഐക്ക് വിടും'; മുഖ്യമന്ത്രി അന്ന് പറഞ്ഞത് വെളിപ്പെടുത്തി ബെഹ്‌റ
തിരുവനന്തപുരം: താന്‍ ഡി ജി പിയായിരുന്നപ്പോള്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം തന്നിരുന്നെന്ന് മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ നിയമം കൈയിലെടുക്കരുത് എന്ന കര്‍ശന നിര്‍ദേശവും തങ്ങള്‍ക്കുണ്ടായിരുന്നെന്ന് ബെഹ്‌റ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അദ്ദേഹത്തിന് കീഴില്‍ അഞ്ച് വര്‍ഷം ഞാന്‍ ഡി ജി പിയായി പ്രവര്‍ത്തിച്ചു. ഒരിക്കല്‍ പോലും അദ്ദേഹം ഇടപെട്ടില്ല. അദ്ദേഹത്തിന് നിയമസഭയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിനാല്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തെ അറിയിച്ചിരുന്നു. എപ്പോഴും ഞങ്ങളോട് നിയമപ്രകാരം പോകണമെന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്,' ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് അദ്ദേഹം എപ്പോഴും തങ്ങളോട് പറഞ്ഞത് എന്നും മുന്‍ ഡിജിപി പറഞ്ഞു.

ജനമൈത്രി പൊലീസ് അതത് പ്രദേശങ്ങളിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ക്രമസമാധാനം ഒഴികെയുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. അത് സംസ്ഥാനത്തുടനീളം അത് നടപ്പിലാക്കുകയും ഇതിലൂടെ നിരവധി കേസുകള്‍ കണ്ടെത്താനും കഴിഞ്ഞു. ശ്രദ്ധ ആവശ്യമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇത് വഴി സാധിച്ചെന്ന് ബെഹ്‌റ പറഞ്ഞു.
കസ്റ്റഡി മര്‍ദനങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്ന് മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞിരുന്നു എന്നും അങ്ങനെ സംഭവിച്ചാല്‍ ചോദിക്കുക പോലും ചെയ്യാതെ കേസ് സി ബി ഐക്ക് വിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബെഹ്‌റ പറഞ്ഞു. എന്നാല്‍ നിയമം അനുസരിക്കുന്നിടത്തോളം കാലം ഞങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെയങ്കിലും കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്നാല്‍ സഹിക്കില്ലെന്ന് പറഞ്ഞിരുന്നു. അതാണ് നല്ല നേതാവിന്റെ ലക്ഷണം, ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്റെ കാലത്ത് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിനേയും അദ്ദേഹം ന്യായീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തത് എന്നും തന്റെ ഉദ്യോഗസ്ഥരെ വിശ്വസിക്കുന്നതായും ബെഹ്‌റ പറഞ്ഞു. പട്രോളിംഗിനായി വനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ വെടിവെച്ചാല്‍ അവര്‍ എന്തുചെയ്യണം എന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥര്‍ നിയമവും ഔചിത്യവും പാലിച്ചിരിക്കുന്നിടത്തോളം കാലം എല്ലാം ശരിയാണ് എന്നും ബെഹ്‌റ പറഞ്ഞു.
ആഭ്യന്തര വകുപ്പ് എന്നത് വളരെ സെന്‍സിറ്റീവ് ആയ ഒരു വകുപ്പാണ്. പൊലീസും ആഭ്യന്തര വകുപ്പും സെന്‍സിറ്റീവ് മേഖലകളാണ്. അതിനാല്‍ വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കണ്ടറിയണം. ചില നെഗറ്റീവുകള്‍ എപ്പോഴും ഉണ്ടാകും, എന്നാല്‍ പോസിറ്റീവ് ആയിരുന്നു കൂടുതലുമെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications