സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ, വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലമായതിനാൽ ഓണം കാര്യമായി ആഘോഷിക്കാനാവില്ലെന്ന ആശങ്കയിലാണ് മലയാളികൾ. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ വിപുലമായ നടപടികകളാണ് സ്വീകരിച്ചിരിക്കുന്നത്. ഓണക്കിറ്റുകൾ ഓരോ വീടുകളിലുമെത്തിക്കൊണ്ടിരിക്കുന്നു. അതിനിടെ സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കോവിഡ് കാരണം പ്രയാസമുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് ഇത്തരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ ഒരു ഭേദ ചിന്തയിമില്ലാതെ എല്ലാവരിലും എത്തിക്കുകയാണ് സർക്കാർ. 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിപണിയിൽ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് , ഹോട്ടികോർപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ സുത്യർഹമായ പങ്കാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഓണത്തിന് ഒന്നരമടങ്ങ് കൂടുതൽ അരിയാണ് ഓരോ കുടുംബത്തിനും എത്തിച്ച് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. ഓണത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡ് 1865 വിൽപന കേന്ദ്രങ്ങളാണ് അരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്ൻതോതിൽ പച്ചക്കറി ഉത്പാദനം വർദ്ധിച്ചെന്നും ഓണത്തോടനുബന്ധിച്ച് 2000ത്തോളം ഹോട്ടികോർപ്പ് വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കൃഷി വകുപ്പു മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ട ജങ്ങൾക്കും ഓണം സന്തോഷത്തോടെ ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇരുവരും ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനത്തെ14 ജില്ലകളിൽ നടക്കുന്ന ഓണം ജില്ലാ ഫെയർ 30വരെ ഉണ്ടായിരിക്കും.
ബിജെപി വാദം ഏറ്റുപിടിച്ച് തരൂർ, 'കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാർ', തരൂരിനെ കടന്നാക്രമിച്ച് തോമസ് ഐസക്!
താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. മേയർ കെ ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വികുമാർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ എന്നിവർ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലാതല പരിപാടികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളായി. കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്ന ഫെയർ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണു നടക്കുക. കണ്ടെയ്മെൻ്റ് സോണുകളിൽ രാവിലെ 8.30 ന് ആരംഭിച്ച് ജില്ലാ കളക്റ്റർ നിശ്ചയിക്കുന്ന സമയത്ത് ഫെയർ അവസാനിക്കും.