ദയാബായിയുടെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; വീണ ജോര്‍ജും ബിന്ദുവും ചര്‍ച്ചക്ക്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി തേടി മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സമര സമിതിയുമായി മന്ത്രിതല ചര്‍ച്ച നടത്തും എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രി തന്നെ ഇതിനായി മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ - വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്കായി നിയോഗിച്ചിരിക്കുന്നത്.

ഇന്ന് 12 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സിലാണ് ചര്‍ച്ച നടക്കുക. ദയാബായിയുടെ സമരം 15 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ ദയാബായിയുടെ സമരപന്തലില്‍ എത്തിയിരുന്നു.
നേരത്തെ നടന്‍ അലന്‍സിയറും ദയാബായിയ്ക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ എത്തിയിരുന്നു. ഏകാംഗ നാടകം കളിച്ച് കൊണ്ടാണ് ദയാബായിയുടെ സമരത്തിന് അലന്‍സിയര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന് ദയാബായി അറിയിച്ചു. കാസര്‍കോട് എയിംസ് വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. അതിനിടെ സമരത്തില്‍ കേന്ദ്രം ഇടപെടണം എന്ന ആവശ്യവുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കത്തയച്ചിട്ടുണ്ട്. അതേസമയം രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്ത് ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ദയാബായിയെ ആശുപത്രിയിലാക്കിയിരുന്നു.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ സമര സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ നേരിടുകയാണ് എന്നാണ് സമര സമിതി പറയുന്നത്.
കാസര്‍കോട് ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ് എന്നും ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചത് കൊണ്ട് മാത്രം മതിയായ ചികിത്സ കിട്ടാതെ ഇരുപതോളം പേരാണ് മരിച്ചത് എന്നും സമര സമിതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാസര്‍കോട് ജില്ലയില്‍ പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംപ് നടന്നിട്ടും വര്‍ഷങ്ങളേറെയായി.












Click it and Unblock the Notifications