പിണറായി റോസ് മൈനയ്ക്ക് വെച്ചു, കൊണ്ടത് നരേന്ദ്ര മോദിക്ക്! മറുപടിയായി കെ സുരേന്ദ്രന്റെ 'രാജഹംസം'
കോട്ടയം: ദേശാടന പക്ഷിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശാടനപക്ഷിക്ക് വെച്ചത് കൊണ്ടിരിക്കുന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ മറുപടി പോസ്റ്റുമിട്ടു.
കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ചാണ് കേരളത്തില്‍ ഇടയ്ക്കിടെ വരുന്ന ദേശാടനപക്ഷികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത്. ഇത് മോദിയെ ഉദ്ദേശിച്ചാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു. അറഞ്ചം പുറഞ്ചം ട്രോളുകളുമിറങ്ങി. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് റോസി പാസ്റ്ററെ കുറിച്ചാണ്. ആരാണീ റോസി എന്നല്ലേ..

ദേശാടന പക്ഷി
ശബരിമല സ്ത്രീ പ്രവേശന വിഷയം മുന്‍ നിര്‍ത്തി കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയം നേടാനുളള തീവ്ര ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുന്നത്. നിരന്തരമായ വിദേശ യാത്രകളുടെ പേരില്‍ മോദിയെ ദേശാടനപ്പക്ഷിയെന്ന് കളിയാക്കാറുണ്ട് സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍.

കേരളത്തെ ഇഷ്ടമായി
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പ്രസംഗിച്ചതും ദേശാടന പക്ഷികളെ കുറിച്ചായിരുന്നു. ജൈവ വൈവിധ്യ ബോര്‍ഡിന്റെ പരിപാടിയില്‍ ആയിരുന്നു കാലാവസ്ഥാ മാറ്റത്തെ കുറിച്ചുളള പ്രസംഗം. ചില ദേശാടനപ്പക്ഷികള്‍ക്ക് കേരളം വളരെ ഇഷ്ടമായിട്ടുണ്ടെന്നും അത് അപകടകരമാണ് എന്നുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

ചറപറാ ട്രോളുകൾ
വളരെ പെട്ടെന്ന് തന്നെ ഈ പ്രസംഗത്തിന്റെ ക്ലിപ്പ് വൈറലായി. പിണറായി മോദിക്കിട്ട് കൊട്ടിയതാണ് എന്ന പേരില്‍ ഇടത് സൈബര്‍ ഇടങ്ങളില്‍ ഈ വീഡിയോ ആഘോഷിക്കപ്പെട്ടു. ചറപറാ ട്രോളുകളും ഇറങ്ങി. പരോക്ഷമായെങ്കിലും പിണറായി മോദിയെ ട്രോളിയത് തന്നെയാണ് എന്ന് വിലയിരുത്തപ്പെട്ടു.

സുരേന്ദ്രനും രാജഹംസവും
കേട്ടപാതി കേള്‍ക്കാത്ത പാതിയെന്നോണം മോദി ദേശാടനപ്പക്ഷിയല്ലെന്നും മാനസ സരസ്സില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതിനുളള ട്രോളുകള്‍ സുരേന്ദ്രന് വേറെ വഴിക്കും കിട്ടി. മോദിയെ ഉന്നം വെച്ചുളളതല്ല പ്രസംഗം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.

റോസി പാസ്റ്ററാണ് താരം
റോസി പാസ്റ്റര്‍ എന്ന റോസ് മൈനയുടെ കേരളത്തിലേക്കുളള വരവിനെ കുറിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. റോസ് മൈന തിരുനക്കരയിലെ സ്ഥിരം വിരുന്നുകാരനായ ദേശാടനക്കിളിയാണ്. ശബരിമല കര്‍മ്മ സമിതിയുടെ കേന്ദ്രവും തിരുനക്കര തന്നെ. ഇഷ്ടം പോലെ റോസ് മൈനകള്‍ ഉളള ഇടമായി തിരുനക്കര മാറിയിട്ടുണ്ട്.

ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക്
യൂറോപ്പില്‍ തണുപ്പ് കാലമാകുമ്പോള്‍ റോസ് മൈന ഇന്ത്യയിലേക്ക് വരും. ഇന്ത്യയില്‍ ചൂട് കടുക്കുമ്പോള്‍ തിരികെ യൂറോപ്പിലേക്ക് മടങ്ങും. അടുത്ത കാലത്തായി ഇവ ഉത്തരേന്ത്യയില്‍ നിന്നും കൂട്ടമായി കേരളത്തിലേക്കും വരുന്നുണ്ട്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ് ഇവ പ്രധാനനമായും കേരളത്തിലേക്ക് വരിക.

രണ്ടും കൂട്ടി വായിക്കാം
നേരത്തെ ഉത്തരേന്ത്യ വരെ മാത്രം വരുമായിരുന്ന മൈന ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ ആധിപത്യമുളള ബിജെപി കേരളത്തിലേക്ക് വരുന്നതിനെ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. അങ്ങനെ വരുമ്പോഴാണ് പിണറായി അമ്പെയ്ത് മോദിക്ക് കൂടി കൊളളട്ടെ എന്ന് ആലോചിച്ചാണെന്ന് കരുതേണ്ടി വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications