മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ല, രാഷ്രീയ മര്യാദയെയാണ് ചോദ്യം ചെയ്തതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ വീണ്ടും തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗിന് കേരളത്തിലെ മൊത്തം മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ അങ്ങനെ കരുതേണ്ടതില്ല. ലീഗ് ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തത്. അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും പിണറായി വിമര്‍ശിച്ചു.
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. അതേ കുറിച്ച് മുസ്ലീം ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയരുന്നുണ്ട്. ആദ്യം അദ്ദേഹം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കാന്‍ പഠിക്കട്ടെ. എന്നിട്ടാവാം സിപിഎമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ചില അവതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവരാണ് ഞങ്ങളെ വര്‍ഗീയവാദികളാക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
ലീഗ് സ്വന്തം അണികളുടെ വികാരം മനസ്സിലാക്കാന്‍ ശ്രമിക്കണം. ജമാഅത്ത് ഇസ്ലാമിയെ മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുകയാണ്. നാല് സീറ്റിനായി മുസ്ലീം ലീഗ് അവരുമായി കൂട്ടുകൂടി. വെല്‍ഫെയര്‍ പാര്‍ട്ടി ബ ന്ധം തെറ്റാണെന്ന അഖിലേന്ത്യാ നിലപാട് പറയാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. അങ്ങനെയൊരാള്‍ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്ത് തന്നെ വേണ്ടെന്ന നിലപാടാണ് ലീഗ് എടുത്തത്. അത് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തത്. അപ്പോള്‍ അവരുടെ ശ്രമം തന്നെ വര്‍ഗീയവാദിയാക്കാനാണെന്നും പിണറായി പറഞ്ഞു.
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് പിണറായി വിമര്‍ശനം ഉന്നയിച്ചത്. യുഡിഎഫിന്റെ നേതൃത്വം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണ് ഉയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും പിണറായി ചോദിച്ചിരുന്നു. നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യുഡിഎഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നുവെന്നും പിണറായി പറഞ്ഞിരുന്നു.
പിണറായിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം ഇത് വിവാദമാക്കാനാണ് ശ്രമിച്ചത്. പിണറായി വര്‍ഗീയവാദിയാണെന്നും പറഞ്ഞിരുന്നു. ലീഗല്ല, സിപിഎമ്മാണ് വര്‍ഗീയ ശക്തികള്‍ക്ക് കുട പിടിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വെല്‍ഫെയര്‍ ബന്ധം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായിരുന്നു.