കേരളവുമായുള്ള ബന്ധം തകര്‍ക്കാനാണ് നീക്കം, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം ഉയരുന്നു എന്നാണ് മനസിലാക്കുന്നത്. അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലമായി നല്ല ബന്ധത്തിലുള്ളതാണ്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

നമ്മുടെ തുറമുഖങ്ങളുമായി വലിയ ബന്ധമാണ് അവര്‍ക്കുള്ളത്. പരസ്പര സഹകരണത്തിലൂന്നിയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ട്. അത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താത്പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകള്‍ എടുക്കുന്നത്. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവാദങ്ങളെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. അതേസമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.
Recommended Video
തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റി. ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടു. സര്‍ക്കാര്‍ സര്‍വീസിലെ തദ്ദേശീയരായ മുഴുവനന്‍ താല്‍ക്കാലിക ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നടപടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. ടൂറിസത്തിന്റെ പേരില്‍ മദ്യോപയോഗം പ്രോത്സാഹിപ്പിക്കുകയാണ്. മാംസാഹാരം വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഒഴിവാക്കിയെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications