പിറവം പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് പോലീസ്; വൈദികരെ അറസ്റ്റ് ചെയ്തു, സംഘര്‍ഷാവസ്ഥ
Recommended Video
കൊച്ചി: ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ പോലീസ് പിറവം പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി. പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തെ പുറത്താക്കി. നിലത്ത് കിടന്ന് പ്രതിഷേധിച്ച വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം കളക്ടറും എസ്പിയും ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരക്കാര്‍ പോലീസുമായി സഹകരിച്ചത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി നടപ്പാക്കി വ്യാഴാഴ്ച ഒന്നേ മുക്കാലോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. രാവിലെ തന്നെ പോലീസ് എത്തുമെന്ന വിവരം അറിഞ്ഞ യാക്കോബായ വിഭാഗം പള്ളിയില്‍ തമ്പടിച്ചിരുന്നു. ഗേറ്റ് അടയ്ക്കുകയും ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള എല്ലാ യാക്കോബായ വിഭാഗക്കാരെയും ഒഴിവാക്കി പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.
പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്. പോലീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു യാക്കോബായ വിഭാഗം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പൂട്ട് പൊളിക്കാന്‍ പോലീസ് ഏറെ പ്രയാസപ്പെട്ടു. പൂട്ട് പൊളിച്ചെങ്കിലും കയറ് ഉപയോഗിച്ച് ഗേറ്റ് കെട്ടിയിടുകയായിരുന്നു പ്രതിഷേധക്കാര്‍. ഏറെ നേരം പിടിവലി നടന്നു. പുരോഹിതരും വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്.
വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പള്ളിയില്‍ നിന്ന് ഇറങ്ങില്ലെന്നാണ് യാക്കോബായ വിഭാഗം പറഞ്ഞിരുന്നത്. വിശ്വാസികള്‍ പിരിഞ്ഞുപോകരുതെന്നും അറസ്റ്റ് വരിക്കുമെന്നും മെത്രാന്‍മാരും പുരോഹിതരും പറഞ്ഞു. തങ്ങളുടെ ശരീരത്തില്‍ ചവിട്ടാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ സാധിക്കില്ലെന്നാണ് മെത്രോപൊലീത്തമാര്‍ ഭീഷണി മുഴക്കിയത്.
പള്ളിയില്‍ തമ്പടിയിച്ചിരിക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കി ഇന്ന് ഉച്ചയ്ക്ക് 1.45ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് എഎം ഷഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബുധനാഴ്ച പള്ളിയില്‍ കയറി യാക്കോബായ വിഭാഗത്തെ പുറത്താക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. ഒടുവില്‍ കളക്ടര്‍ വൈദികരുമായി ചര്‍ച്ച നടത്തുകയും ശേഷം വൈദികര്‍ അറസ്റ്റ് വരിക്കുകയുമായിരുന്നു. കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിശ്വാസമനുസരിച്ച് മുന്നോട്ട് പോകണമെന്നാണ് സുപ്രീംകോടതി വിധി.












Click it and Unblock the Notifications