മലപ്പുറത്ത് പോര് മുറുകുന്നു; കളത്തില്‍ ഇറങ്ങി അബ്ദുറബ്ബ്, വീണ്ടും രേഖകളുമായി കെടി ജലീല്‍
തുഞ്ചന്‍ മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി തിരൂരില്‍ ഭൂമി ഏറ്റെടുത്തതില്‍ അഴിമതി ആരോപിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നടത്തിയ പ്രതികരണത്തിന് പിന്നാലെ രേഖകളുമായി കെടി ജലീലും പികെ അബ്ദുറബ്ബും. കെടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന വേളയില്‍ ഉയര്‍ന്ന വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് അഴിമതി നടത്തി എന്നാണ് പികെ ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചത്.
ഇതിന് പിന്നാലെ കെടി ജലീല്‍ രംഗത്തുവന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ഏറ്റെടുത്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. 2016ല്‍ സെന്റിന് 1.70 ലക്ഷം രൂപ നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതമായി ബന്ധപ്പെട്ട മലപ്പുറം കളക്ടര്‍ ഒപ്പിട്ട രേഖയും ജലില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇതോടെയാണ് പികെ അബ്ദുറബ്ബ് കൂടി രേഖയുമായി എത്തിയത്...

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും പികെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന കാലത്താണ് വില നിശ്ചയിക്കല്‍ നടന്നത് എന്ന് 2016ലെ രേഖ പങ്കുവച്ച് കെടി ജലീല്‍ പറയുന്നു. എന്നാല്‍ പിക അബ്ദുറബ്ബ് പുറത്തുവിട്ട രേഖ 2017ലേതാണ്. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി എന്നാണ് ഈ രേഖയില്‍ പറയുന്നത്. ഇടപാട് നടന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയും കെടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ് എന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം.
ഭൂമി ഉടമസ്ഥരുടെ പേരുകളും പികെ അബ്ദുറബ്ബ് പുറത്തുവിട്ട രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അറിയച്ചിരിക്കുകയാണ് കെടി ജലീല്‍. മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖ അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ തുച്ഛം വിലയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് സര്‍വകലാശാലയ്ക്ക് വേണ്ടി കൈമാറി എന്നാണ് ഇടപാടിലെ ഗൗരവമുള്ള കാര്യം.
പികെ അബ്ദുറബ്ബ് പറയുന്ന കാര്യം ഇതാണ്- ''എന്റെ കാലത്ത് സ്ഥലമേറ്റെടുത്തെന്നും, അതിനായി 2016 ഫെബ്രുവരിയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വില നിര്‍ണ്ണ യോഗത്തില്‍ ഞാന്‍ പങ്കെടുത്തു എന്നുമാണ് ജലീല്‍ ഇന്നലെ ആരോപിച്ചത്.
എന്നാല്‍ അതേ മലയാളം സര്‍വ്വകലാശാലക്കു വേണ്ടി വില നിര്‍ണ്ണയിക്കാന്‍ 2017ല്‍ അന്നത്തെ കലക്ടറായ അമിത് മീണ 2017 ജൂണ്‍ 6 ന് വിളിച്ചു ചേര്‍ത്ത ഭൂവുടമകളുടെ യോഗത്തിന്റെ മിനുട്ട്‌സാണിത്.
ഈ മിനുട്ട്‌സിന്റെ അടിയിലും വ്യക്തമായി പച്ചമലയാളത്തില്‍ എഴുതി വെച്ചിട്ടുള്ളത് ' ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് ' എന്നാണ്.
അതായത് 2017 ജൂണില്‍ പോലും സ്ഥലമേറ്റെടുപ്പ് നടന്നിട്ടില്ലാത്ത മലയാളം സര്‍വ്വകലാശാലക്കാണ് ഞാന്‍ മന്ത്രിയായ സമയത്ത് സ്ഥലമേറ്റെടുത്തു എന്ന് ജലീല്‍ പറഞ്ഞത്.
സ്വന്തം നില നില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒരു ഉളുപ്പുമില്ലാതെ
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പച്ചക്കള്ളം
പറയുകയാണ് കെ.ടി.ജലീല്‍.
ഈ മിനുട്ട്‌സില്‍ പറയുന്ന ഭൂവുടമകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഞാന്‍ ഏതായാലും പോകുന്നില്ല. ആളുകളെപ്പറ്റി അന്വേഷിക്കാന്‍ ദുബായിയില്‍ വരെ പോയി പരിചയമുള്ള ജലീല്‍ തന്നെയാണ് അതിന് നല്ലത്. തവനൂരില്‍ നിന്നും കോഴിക്കോട് പോകും വഴി തിരൂരിലും, താനൂരിലും ഒന്നിറങ്ങി 'ഇവര്‍ക്കൊക്കെ എന്താണ് പണി' എന്ന് ചോദിക്കാന്‍ ധൈര്യമുണ്ടോ മിസ്റ്റര്‍ ജലീല്‍!''












Click it and Unblock the Notifications