പിന്നണിഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: മലയാള പിന്നണി ഗാനരംഗത്തെ മികച്ച ഗായകന്‍ എന്നറിയപ്പെട്ട അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മനപ്പുഴയ്ക്കല്‍ വച്ചായിരുന്നു അപകടം. 78 വയസ്സായിരുന്നു.
നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ അതുല്യ പ്രതിഭയായിരുന്നു അയിരൂര്‍ സദാശിവന്‍. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ പാട്ടുകളാണ് കൂടുതലും പാടിയിട്ടുള്ളത്. നാടക രംഗത്ത് അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പമായിരുന്നു ഇദ്ദേഹം.

1973 ല്‍ പുറത്തിറങ്ങിയ ചായം എന്ന ചിത്രത്തിലെ 'അമ്മേ അമ്മേ' എന്ന ഗാനമാണ് സദാശിവനെ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനാക്കിയത്. ഇത് അദ്ദേഹത്തിന്റെ സിനിമയിലെ അരങ്ങേറ്റമായിരുന്നു. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററായിരുന്നു സംഗീതം നല്‍കിയത്.
പിന്നീട് രണ്ട് വര്‍ഷത്തോളം പിന്നണി ഗാനരംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഈ കാലഘട്ടില്‍ 25 പാട്ടുകളാണ് അദ്ദേഹം പാടിയത്. ദേവരാജന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, എംഎസ് വിശ്വനാഥന്‍, പുകഴേന്തി തുടങ്ങിയ പ്രമുഖരുടെ പാട്ടുകള്‍ ഇദ്ദേഹം പാടിയിട്ടുണ്ട്.
1984 ല്‍ പുറത്തിറങ്ങിയ വിപഞ്ചിക എന്ന ചിത്രത്തില്‍ സംഗീത സംവിധായകനായും ഗായകനായും അദ്ദേഹം എത്തി. 1985 ല്‍ പമ്പാനദി എന്ന ചിത്രത്തിലാണ് ഒടുവില്‍ പാടിയത്.
സിനിമ പിന്നണി ഗാന രംഗത്ത് നിന്ന് പിന്‍മാറിയെങ്കിലും സംഗീത രംഗത്ത് അദ്ദേഹം സജീവമായിരുന്നു. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മകന്‍ ശ്രീകുമാര്‍ ഓടിച്ചിരുന്ന കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു, ശ്രീകുമാറിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications