നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; 'പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം വേണം'
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ കെ എസ് യു നടത്തിയ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിലും സമരം തുടരുവാനാണ് കെ എസ് യു തീരുമാനം. കോഴിക്കോട് ഇന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ആര്‍ ഡി ഡി ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ എസ് യു കൊല്ലത്ത് കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ തിരുവനന്തപുരത്ത് കെ എസ് യു പ്രതിഷേധിച്ചു.

കണ്ണൂരിലും മലപ്പുറത്തും എം എസ് എഫ് പ്രവര്‍ത്തകരും ആര്‍ ഡി ഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ എസ് എഫ് ഐയും സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എസ് എഫ് ഐ മലപ്പുറത്ത് കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മലപ്പുറം ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, ചേരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു എസ് എഫ് ഐയുടെ പ്രതിഷേധം.
ഇന്നലെ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. സംഭവത്തില്‍ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്നാണ് ഗോപുവിനെ അറസ്റ്റ് ചെയ്തത്. ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുന്നതിനിടെയായിരുന്നു മന്ത്രിക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധം.
അതേസമയം പ്ലസ് വണ്‍ പ്രവേശനത്തില്‍ യാതൊരു പ്രതിസന്ധിയുമില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. ഗുരുതര പ്രശ്‌നമുള്ള മലപ്പുറത്തടക്കം ആവശ്യത്തിന് സീറ്റുണ്ട് എന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിയെ തള്ളി എസ് എഫ് ഐ രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.












Click it and Unblock the Notifications