ചെറിയ പെരുന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി, സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശമെന്ന് മുഖ്യമന്ത്രി
ദില്ലി: ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ഇസ്ലാംമത വിശ്വാസികള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ഈദുല്‍ ഫിത്തര്‍ ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തി വര്‍ധിപ്പിക്കാന്‍ ഈ ശുഭകരമായ അവസരത്തില്‍ സാധിക്കട്ടെ. എല്ലാവരും ആരോഗ്യത്താലും സമൃദ്ധിയാലും അനുഗ്രഹിക്കപ്പെടട്ടെ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
Best wishes on Eid-ul-Fitr. May this auspicious occasion enhance the spirit of togetherness and brotherhood in our society. May everyone be blessed with good health and prosperity.
— Narendra Modi (@narendramodi) May 2, 2022
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഈദ് ആശംസകള്‍. ഈ മഹത്തായ ആഘോഷം സ്‌നേഹത്താല്‍ നിറയുകയും സാഹോദര്യത്താലും ഐക്യത്താലും എല്ലാവരേയും ഒന്നിപ്പിക്കട്ടെ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും പെരുന്നാൾ ആശംസിച്ചു. ' സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ലാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു'.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ- ' സ്നേഹവും സാഹോദര്യവും നന്മയും നിറഞ്ഞ നല്ല നാളുകൾ ഇല്ലാതാക്കാൻ പലരും ശ്രമിക്കുന്ന കാലമാണ്. മനുഷ്യമനസ്സിൽ നന്മകൾ ഊട്ടിയുറപ്പിക്കുന്ന സുദിനങ്ങൾക്ക് ഈ ചെറിയ പെരുന്നാൾ തുടക്കമാകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ!'
മന്ത്രി സജി ചെറിയാൻ: ' ത്യാഗത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമുൾക്കൊണ്ട ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തിയായി ഈദുൽ ഫിത്വർ സമാഗതമായിരിക്കുന്നു. റംസാൻ പകർന്നു നൽകുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരസന്ദേശങ്ങളാണ്. അന്യന് വേണ്ടി കരുതലൊരുക്കുന്നതിലൂടെയും മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങൾ സുശക്തമാക്കിയും റംസാൻ മാനവികതയുടെ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. വർഗീയതയുടെ വിഷവിത്തുക്കൾ സമൂഹത്തിൽ പാകുവാൻ ചില കൂട്ടർ തുനിഞ്ഞിറങ്ങിയ ഈ കാലത്ത് ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി ഏറുകയാണ്. പരസ്പരം സ്നേഹിക്കുവാനും ചേർത്ത് പിടിക്കുവാനും ആഘോഷങ്ങൾ വേദിയാകട്ടെ. ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ'.












Click it and Unblock the Notifications